ബെംഗളൂരു : സ്കൂളുകളിലെ കംപ്യൂട്ടർ ലാബുകളിൽ സമൂഹമാധ്യമ വെബ്സൈറ്റുകളും അശ്ലീല സൈറ്റുകളും ബ്ലോക്ക് ചെയ്യാനാവശ്യപ്പെട്ട് കർണാടക വിദ്യാഭ്യാസ സ്ഥാപന ഭേദഗതി ബില്ലിന്റെ കരട്. എതിരഭിപ്രായമുള്ളവർക്കു 15 ദിവസത്തിനകം പരാതി ഫയൽ ചെയ്യാൻ അവസരമുണ്ട്.സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളെ സൈബർ കുറ്റകൃത്യങ്ങളിലേക്കു കൂടുതലായി നയിക്കുന്നുവെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണു പുതിയ ഭേദഗതി. ഇന്റർനെറ്റ് ചതിക്കുഴികളെക്കുറിച്ച് അധ്യാപകരും രക്ഷിതാക്കളും കുട്ടികളെ ബോധവൽക്കരിക്കേണ്ടതിന്റെ പ്രാധാന്യവും ബിൽ ചർച്ച ചെയ്യുന്നു.
മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രം കുട്ടികൾ കംപ്യൂട്ടർ ഉപയോഗിക്കുന്ന സാഹചര്യമുണ്ടാകണം. കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമത്തെക്കുറിച്ചും രക്ഷിതാക്കൾക്ക് അവബോധമുണ്ടായിരിക്കണം. കുട്ടിയിലെ ചെറിയ സ്വഭാവമാറ്റംപോലും അവർ ശ്രദ്ധിക്കണം.കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി പെരുകുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷയുടെ പ്രാധാന്യം സ്കൂളുകളും രക്ഷിതാക്കളും ഒരേപോലെ ഉൾക്കൊണ്ടിരിക്കണമെന്നും കരടു ബിൽ അനുശാസിക്കുന്നു.