2 സ്ട്രോക് ഓട്ടോകൾക്ക് ഏപ്രിൽ ഒന്ന് മുതൽ ബെംഗളൂരുവിൽ നിരോധനം

ബെംഗളൂരു : ഏപ്രിൽ ഒന്നുമുതൽ ബെംഗളൂരുവിൽ 2–സ്ട്രോക് ഓട്ടോറിക്ഷകൾ നിരോധിക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. ഇവ അന്തരീക്ഷ മലിനീകരണം കൂടുതൽ ഉണ്ടാക്കുന്നതിനാലാണിത്. 2–സ്ട്രോക് ഓട്ടോകൾ ശേഖരിക്കാൻ രണ്ടു കേന്ദ്രങ്ങൾ തുറക്കുകയും ഇവ നൽകുന്നവർക്കു പുതിയ 4–സ്ട്രോക് ഓട്ടോറിക്ഷ വാങ്ങാൻ മുപ്പതിനായിരം രൂപ സർക്കാർ സബ്സിഡി നൽകുകയും ചെയ്യും. എന്നാൽ ഒന്നരലക്ഷത്തിലേറെ രൂപ വരുന്ന പുതിയ ഓട്ടോ വാങ്ങാൻ മുപ്പതിനായിരം രൂപയുടെ ധനസഹായം മതിയാകില്ലെന്നതിനാൽ ഉടമകളിലേറെയും ഇവ കൈമാറാൻ തയാറായിട്ടില്ല. ഇതേ തുടർന്നാണ് ഗതാഗതവകുപ്പ് നടപടി കർക്കശമാക്കിയത്.

ബെംഗളൂരുവിൽ അൻപതിനായിരത്തോളം 2–സ്ട്രോക് ഓട്ടോറിക്ഷകളാണുള്ളത്. ഇവയിൽ പതിനായിരം എണ്ണം ഈ വർഷം പൊളിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നു ഗതാഗത കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു. പഴയ ഓട്ടോകൾ കൈമാറുന്നവർക്കു സബ്സിഡി നൽകാൻ 30 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. പഴയതിന്റെ പെർമിറ്റ് റദ്ദാക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് ഉടനടി സബ്സിഡി കൈമാറും. രാജാജി നഗറിലും നെലമംഗലയിലുമായി തുറക്കുന്ന കേന്ദ്രങ്ങളിൽ ദിവസേന 150 ഓട്ടോറിക്ഷകൾ വീതം പൊളിക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം സബ്സിഡി 50,000 രൂപയാക്കണമെന്നാണ് വിവിധ ഡ്രൈവേഴ്സ് അസോസിയേഷനുകളുടെ ആവശ്യം. ഇതു സംബന്ധിച്ച നിവേദനം ധനവകുപ്പിനു കൈമാറിയതായും ദയാനന്ദ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us