ബെംഗളൂരു: പുതുവർഷ ആഘോഷത്തിനായി കനത്ത സുരക്ഷാ സന്നാഹമൊരുക്കി ബെംഗളൂരു സിറ്റി പൊലീസ്. 15000 പൊലീസുകാർക്കു പുറമെ കർണാടക റിസർവ് പൊലീസിന്റെ 40 പ്ലാറ്റൂണുകൾ, സിറ്റി ആംഡ് റിസർവ് 30 പ്ലാറ്റൂണുകൾ എന്നിവയെ വിന്യസിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽ കുമാർ പറഞ്ഞു. അധികമായി 500 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കും. ഇതിൽ എംജി റോഡിലും ബ്രിഗേഡ് റോഡിലും ചർച്ച സ്ട്രീറ്റിലുമായി 300 സിസിടിവികളാണ് സ്ഥാപിച്ചു വരുന്നതെന്ന് കമ്മിഷണർ പറഞ്ഞു. കമ്മിഷണർ ഓഫിസിലിരുന്നു നിരീക്ഷിക്കാനാകും വിധമാണ് ഇതു സജ്ജീകരിച്ചിരിക്കുന്നത്.
ആഘോഷത്തിനെത്തുന്ന സ്ത്രീകൾക്ക് സംരക്ഷണമൊരുക്കാൻ 500 വനിതാ പൊലീസുകാരും സജീവമായി രംഗത്തുണ്ടാകും. ഇതിൽ 120 വനിതാ കോൺസ്റ്റബിൾമാർ കലാപ പ്രതിരോധ പരിശീലനം നേടിയവരാണ്. കർണാടക റിസർവ് പൊലീസിനു കീഴിൽ കഴിഞ്ഞ ഒൻപതു മാസമായി പരിശീലനം ലഭിച്ചവരാണ് ഇവർ. പുതുവർഷ രാവിൽ നഗരത്തിലുടനീളം പട്രോളിങ്ങുണ്ടാകും. അശ്വാരൂഡ പൊലീസ് സംഘവും നിരത്തിലിറങ്ങും. പുതുവർഷ രാവിൽ ഫ്ലൈഓവറുകളിൽ പ്രവേശനമുണ്ടാകില്ല. മദ്യപിച്ചു വാഹനമോടിക്കുന്നവർക്കെതിരെ കനത്ത നടപടിയുണ്ടാകും.