ശബരിമലയും വിമാനത്താവളവും

ശബരിമല മണ്ഡലകാല സീസണില്‍ എരുമേലിയില്‍ നിന്നും പമ്പയിലേക്ക് പ്രത്യേക കെ എസ് ആര്‍ ടി സി ഒക്കെ ഇറക്കി, അതിനു സാധാ വാങ്ങുന്നതിലും നാലഞ്ചു ഇരട്ടി ടിക്കറ്റ് ചാര്‍ജ് ഈടാക്കി അയ്യപ്പ ഭക്തരോടുള്ള സ്നേഹം കാണിക്കാറുള്ള നമ്മടെ സര്‍ക്കാര്‍ കുറച്ചു മുൻപൊരു  അയ്യപ്പഭക്ത സ്നേഹവുമായി ഇറങ്ങിയത്‌ കണ്ടു..

”അയ്യപ്പഭക്തന്മാര്‍ക്ക് വേണ്ടിയുള്ള വിമാനത്താവളം..”

ശബരിമല തീർഥാടകർക്കായി ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണു മന്ത്രിസഭ അനുമതി നൽകിയത്. ഇതിനുള്ള പഠനത്തിനു കെഎസ്ഐഡിസിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ആറന്മുളയിൽ നേരത്തേ വിമാനത്താവള നിർമാണം തുടങ്ങിയിരുന്നെങ്കിലും പരിസ്ഥിതി സ്നേഹികളുടെ എതിർപ്പുമൂലം അത് ഉപേക്ഷിച്ചിരുന്നു. ഇതോടെയാണു മറ്റു സ്ഥലങ്ങൾ പരിഗണിക്കാന്‍ ശ്രമം തുടങ്ങിയത്.
അതിന്റെ ഭാഗമായി ഇതിനു വേണ്ടി സ്ഥലം കണ്ടെത്താന്‍ റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അധ്യക്ഷനായ നാലംഗ ഉദ്യോഗസ്ഥ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ആ കമ്മറ്റിയാണ് കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിൽ ബിലീവേഴ്സ് ചർച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിനു നല്‍കിയത്. ആ ശുപാര്‍ശക്കാണ് ഇപ്പൊ മന്ത്രിസഭ അനുമതി നല്‍കിയത്.

ഇനി ഏതാ ഈ സ്ഥലം എന്ന് നോക്കാം..

1923 ല്‍ മലയാളം പ്ലാന്റേഷന്‍ യുകെ ലിമിറ്റഡ് വ്യാജമായി തയ്യാറാക്കിയ 1600/1923 എന്ന ആധാരത്തില്‍പ്പെട്ട സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. 1978 ല്‍ ഇന്ത്യന്‍ കമ്പനി ആക്ട്‌ പ്രകാരം രജിസ്റ്റര്‍ ചെയ്ത മലയാളം പ്ലാന്റേഷന്‍സ് (ഇന്ത്യ) കമ്പനിക്ക് ആസ്തികള്‍ കൈമാറിയെന്നും 1984 ല്‍ അത് ഹാരിസണ്‍ മലയാളം ലിമിറ്റഡായി മാറിയെന്നുമാണ് കമ്പനി വാദിച്ചിരുന്നത്.
എന്നാല്‍ 1977 ല്‍ രൂപീകൃതമായ മലയാളം പ്ലാന്റേഷന്‍സ്, ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ബിനാമി കമ്പനിയാണെന്നും, ഹാരിസണ്‍ കൈവശം വച്ചിരുന്നതും കൈമാറ്റം ചെയ്തതുമായ 75000 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്നും ഇതേ കുറിച്ച് സിബിഐ അനേ്വഷിക്കണമെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം ശുപാര്‍ശ നല്‍കിയിരുന്നു.

ഇത്തരത്തില്‍ അനധികൃതമായി കൈവശമുള്ള ഭൂമിയില്‍നിന്ന് ഹാരിസണ്‍ 1984 ല്‍ ബിഷപ്പ് യോഹന്നാന്റെ ഗോസ്‌പെല്‍ ഫോര്‍ ഏഷ്യ ചര്‍ച്ചിന് കൈമാറിയ 2265 ഏക്കറില്‍പ്പെടുന്നതാണ് ഇപ്പോള്‍ ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്ന ഭൂമി. ചെറുവള്ളി എസ്റ്റേറ്റിലെ അതി പുരാതനമായ ശാസ്താം ക്ഷേത്രത്തിലേക്കുള്ള വഴി കെട്ടിയടച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി കോടതിയിലെത്തിയതോടെയാണ് യോഹന്നാന്റെ ഭൂമി സംബന്ധിച്ച് അന്വേഷണം തുടങ്ങിയത്.
ഈ ഭൂമി കൊങ്ങോർ നമ്പൂതിരിമാരുടെ ചേനപ്പാടി ദേവസ്വത്തിന്റേതായിരുന്നുവെന്നും, അത് 1869 ൽ മറ്റക്കാട്ടു കുടുംബത്തിന്റെ കൈയ്യിൽ ആയി എന്നും യോഹന്നാൻ തന്നെ പറയുന്നു. ബ്രിട്ടീഷുകാർ ഹിന്ദു ക്ഷേത്ര ഭൂമികൾ പുത്തൻ ക്രിസ്ത്യാനികൾക്ക് നല്‍കിയതാണെന്നു പറയുന്നതിന് തെളിവായി കാണിക്കാന്‍ ഈ എസ്റ്റേറ്റിന്റെ അകത്തു ഒരു ഹിന്ദു ക്ഷേത്രം ഇന്നും ഉണ്ട്.

സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം മുന്‍കൈ എടുത്ത് സര്‍ക്കാര്‍ തന്നെ 2015 മാര്‍ച്ച് 28 ന് ഏറ്റെടുത്തതാണ് ചെറുവള്ളി എസ്റ്റേറ്റ് വരുന്ന 2264 ഏക്കര്‍ സ്ഥലം. ഇതിനെ കോടതി ശരിവച്ചിട്ടേ ഉള്ളു. ഹാരിസണില്‍ നിന്ന് ഏറ്റെടുത്ത 38,000 ഏക്കര്‍ ഭൂമിയില്‍ പെട്ടതാണ് ഇത്.
എന്നാല്‍ ഹാരിസൺ മലയാളം പ്ലാന്റേഷൻസിന്റെ കൈവശമുണ്ടായിരുന്ന ഈ എസ്റ്റേറ്റ് ‌ബിലീവേഴ്‌സ് ചർച്ചിനു കൈമാറിയതു നിയമ വിരുദ്ധമാണെന്നാണു സർക്കാരിന്റെ നിലപാട്. ഹാരിസണിന്റെ കൈവശമുണ്ടായിരുന്നതു സർക്കാർ ഭൂമിയാണെന്ന നിലപാടിനെ തുടർന്ന് അത് ഏറ്റെടുക്കാൻ 2015 മേയ് 28 നു തീരുമാനിച്ചിരുന്നു. ഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ടു സർക്കാർ നോട്ടിസും നൽകി. പക്ഷെ ഇതിനെതിരെ ഡോ.കെ.പി.യോഹന്നാൻ മെത്രാപ്പൊലീത്ത അടക്കമുള്ളവർ നൽകിയ ഹർജി ഇപ്പോളും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അത് പോലെ തന്നെ ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും, ജൈവ വൈവിധ്യ കലവറയുമാണ്‌ പശ്ചിമഘട്ടം. ഇവിടത്തെ തീർത്ഥാടന കേന്ദ്രങ്ങൾ പണ്ടു മുതൽ തന്നെ പശ്ചിമഘട്ടത്തിലേക്ക്‌ ജനലക്ഷങ്ങളെ ആകർഷിച്ചു വരുന്നു. കേരളത്തിലെ ശബരിമല, കർണ്ണാടകത്തിലെ മാധവേശ്വരമല, മഹാരാഷ്‌ട്രയിലെ മഹാബലേശ്വർ എന്നിവയാണ്‌ ഇവയിൽ മുഖ്യം.ഖനനം, വ്യവസായം, വൈദ്യുതനിലയങ്ങൾ, ടൂറിസം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളുടെ പേരിൽ വർഷങ്ങളായി നടന്നുവരുന്ന അതിരുവിട്ട കയ്യേറ്റങ്ങൾ പശ്ചിമഘട്ടത്തെ പൊതുവിൽ ദുർബലപ്പെടുത്തി കൊണ്ടിരിക്കുകയാണ്‌.

നവ ലിബറൽ പരിഷ്‌കാരങ്ങളുടെ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിന്നിടയിൽ ഈ കടന്നാക്രമണങ്ങളെല്ലാം വൻതോതിൽ കരുത്താർജിച്ചിരിക്കയുമാണ്‌. സഹ്യന്റെ ഈ പരിസ്ഥിതി തകർച്ച ഇന്ന്‌ കേരളത്തിലെ ജനജീവിതത്തിൽ ദുരന്തങ്ങളായി പെയ്‌തു തുടങ്ങിയിരിക്കുന്നു. വർഷത്തിൽ 3000 മി.മീറ്ററിലധികം മഴ കിട്ടിയിട്ടും കേരളം പല വർഷങ്ങളിലും വരൾച്ചാ ബാധിത സംസ്ഥാനമായി മാറുന്നു. പശ്ചിമഘട്ടം നേരിടുന്ന പരിസ്ഥിതി തകർച്ചയുടെ ഭാഗമാണിത്‌. നീരൊഴുക്കില്ലാതെ, നമ്മുടെ നദികളെല്ലാം ദുർബലപ്പെട്ടിരിക്കുന്നു. കുന്നുകൂടുന്ന മാലിന്യത്തിന്റെ ഊറ്റൽ നിറഞ്ഞ്‌ ഇവ അഴുക്കു ചാലുകളായി തീർന്നിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും മറ്റും മൂലമുണ്ടാകുന്ന മഴയിലെ മാറ്റങ്ങൾ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കിയിട്ടുണ്ട്‌.

ചുരുക്കത്തിൽ, ജൈവസമ്പത്തിന്റെ ശോഷണം തടയൽ, ജലസമ്പത്ത്‌ നിലനിർത്തൽ, സുസ്ഥിര വികസനം ഉറപ്പാക്കൽ, പരിസ്ഥിതി ദുർബലമേഖലകളെ മെച്ചപ്പെടുത്തൽ ഇവയൊക്കെ നടക്കണമെങ്കിൽ പശ്ചിമഘട്ടം എന്ന ആവാസവ്യവസ്ഥയെ സംരക്ഷിക്കണം, അതിന്നെതിരെ നടക്കുന്ന ഏതൊരു കയ്യേറ്റ ശ്രമത്തെയും പ്രതിരോധിക്കണം.
വികസനം വേണ്ട എന്ന് ഒരിക്കലും ആരും പറയുന്നില്ല. പക്ഷെ നശിപ്പിച്ചു കൊണ്ടുള്ള അതും ഭാവിയിൽ നമുക്ക് വല്യ നഷ്ടങ്ങൾ ഉണ്ടാക്കുന്ന നശീകരണ പ്രവർത്തങ്ങൾ കൊണ്ടുള്ള വികാസങ്ങൾ ഇല്ലാതെ ആകുന്നത് തന്നെയാണ് മനുഷ്യ രാശിക്ക് തന്നെ നല്ലത് . മഴ കുറഞ്ഞു വരികയാണ് കേരളത്തിലും. നമ്മുടെ നദികളും വറ്റി തുടങ്ങി. ഇങ്ങനെ വീണ്ടും നശീകരണം മാത്രം മുന്നോട്ട് കൊണ്ട് പോയാൽ വരും കാലങ്ങൾ എങ്ങനെ ആകുമെന്ന് നമുക്ക് പ്രവചിക്കാൻ കൂടി കഴിയാതെ വരും. ഇങ്ങനെ ഒരു വിമാനത്താവളം വരുമ്പോൾ അതും സംരക്ഷിച്ചു നിർത്തേണ്ട പശ്ചിമഘട്ടത്തിൽ വരുമ്പോൾ നശിക്കപ്പെടുന്ന മഴക്കാടുകളും വനമേഖലയും ഇതിനെ തുടർന്നുണ്ടായേക്കാവുന്ന കൈയേറ്റങ്ങളും വീണ്ടും വീണ്ടും നമ്മുടെ പ്രകൃതിയെ നാശത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത് .

അപ്പൊ എന്റെ സംശയങ്ങള്‍ അതല്ല..

1) ഹാരിസണ്‍ മലയാളം കമ്പനി ഗോസ്‌പെല്‍ ഫോര്‍ ഏഷ്യ സൊസൈറ്റിക്ക് വിറ്റതാണ് ചെറുവള്ളി എസ്‌റ്റേറ്റ് ഉള്‍പ്പെടുന്ന ഭൂമി. എന്നാല്‍, ഭൂമി കൈമാറ്റം നിയമവിരുദ്ധമാണെന്നായിരുന്നു സര്‍ക്കാരിന്റെ കണ്ടെത്തല്‍. അതേസമയം, ഭൂമിയുടെ ക്രയവിക്രയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ചെറുവള്ളി എസ്‌റ്റേറ്റ് തങ്ങളുടേതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് യോഹന്നാനും ബിലീവേഴ്‌സ് ചര്‍ച്ചും. ഈ സാഹചര്യത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ച് നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റ് പണം കൊടുത്താണോ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതു…?
അങ്ങിനെ ആണേല്‍ ബാക്കി അവരുടെ കൈവശം ഉള്ള ഭൂമി അവരുടെ തന്നെ ആണെന്ന് സര്‍ക്കാര്‍ സമ്മതിച്ച പോലെ ആവില്ലേ..?
2). കാനനക്ഷേത്രമായ ശബരിമലയിൽ ബ്രഹ്മചാരി ആയി തപസനുഷ്ഠിക്കുന്ന അയ്യപ്പനെ കാണാന്‍ നാൽപത്തിയൊന്ന് ദിവസത്തെ കഠിന വ്രതം അനുഷ്ടിച്ചു മല കയറി പോവുന്ന ഭക്തർക്കെന്തിനാ വിമാന താവളം?
3) ശബരിമല തീര്‍ത്ഥാടകരെ ഉദ്ദേശിച്ചുള്ളതാണ് ഈ വിമാനത്താവളം എന്ന് പറയുന്നു. രണ്ടു മാസമാണ് ശബരിമലയിലെ മണ്ഡല കാലം എന്ന് പറയുന്നത്. അത് കഴിഞ്ഞാല്‍ അപ്പൊ ആര്‍ക്കു വേണ്ടിയാണ് ആ വിമാനത്താവളം..?
ഇനി ബാക്കി എട്ടു മാസങ്ങളില്‍ ആളില്ലാത്തത് കൊണ്ട് നഷ്ട്ടം വന്നാല്‍, ആ നഷ്ട്ടം നികത്താന്‍ വേണ്ടി വര്‍ഷം മുഴുവന്‍ ശബരിമല പ്രാര്‍ത്ഥനക്കായി തുറന്നു കൊടുക്കേണ്ടി വരുമോ..?
4) കാനനവാസിയായ അയ്യപ്പനെ കാണാന്‍ വേണ്ടിയാണെന്നും പറഞ്ഞു നടത്തുന്ന ഈ പരിസ്ഥിതി നാശത്തിന്റെ പേരില്‍ ഭാവിയില്‍ അയ്യപ്പനും അയ്യപ്പ ഭക്തരും കേള്‍ക്കാന്‍ പോവുന്ന വിമര്‍ശനങ്ങള്‍ക്ക് ആര് മറുപടി പറയും..
5) പരിസ്ഥിതി ലോല പ്രദേശമായ പശ്ചിമഘട്ട മലനിരകളെ സംരക്ഷിച്ചു നിലനിർത്തി പോരുന്നതിൽ സർക്കാരിനും മലകൾ കയ്യേറിയവർക്കും താല്‍പര്യം ഇല്ലെങ്കിലും, ഭാവിയിലും കേരളത്തിൽ ജീവിക്കണം എന്നാഗ്രഹിക്കുന്ന ഏതൊരു ജനതയും ഇത്തരത്തില്‍ ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി വെട്ടി നശിപ്പിക്കുന്നതിനു കൂട്ടു നില്‍ക്കണമോ..?

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us