നിലവിലുള്ള അന്വേഷണ പുരോഗതിയെ കുറിച്ച് കഴിഞ്ഞയാഴ്ച എസ്ഐടി സ്കോട്ട്ലൻഡ് യാർഡിനെ അറിയിച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തെക്കുറിച്ചു കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കാനാകും ഇവരെ പ്രയോജനപ്പെടുത്തുക.
2015 ഓഗസ്റ്റ് 30ന് കന്നഡ പുരോഗമന സാഹിത്യകാരൻ എംഎം കൽബുറഗി വെടിയേറ്റു മരിച്ച കേസ് അന്വേഷണത്തിലും കർണാടക പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി വിഭാഗം) സ്കോട്ട്ലൻഡ് യാർഡിന്റെ സഹായം തേടിയിരുന്നു. അതിനിടെ ഗൗരി വെടിയേറ്റു മരിച്ച കഴിഞ്ഞ അഞ്ചിന് നഗരത്തിലേക്ക് വിളികൾ വന്ന പത്തു ലക്ഷത്തോളം മൊബൈലുകളിൽ നിന്നുള്ള കോളുകളും എസ്ഐടി പരിശോധിച്ചുവരുന്നു.
കൽബുറഗി വധം: രേഖകൾ എസ്ഐടിക്കു കൈമാറും
കൽബുറഗി വധം സംബന്ധിച്ച് രേഖകൾ സിഐഡി വിഭാഗം എസ്ഐടിക്കു കൈമാറും. സമാനതകളുള്ള എം.എം കൽബുറഗി, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദാബോൽക്കർ വധങ്ങളുമായി, ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ രീതിക്കു സാമ്യമുള്ള സാഹചര്യത്തിലാണിതെന്നു സിഐഡി എഡിജിപി സി.എച്ച് പതാപ് റെഡ്ഡി പറഞ്ഞു.
മൂവരുടേയും മരണത്തിന് ഉപയോഗിച്ച തോക്ക് ഒന്നാണെന്ന് സിഐഡി വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. ഗൗരിവധത്തിലെ ആയുധത്തിന് ഇതുമായി സമാനതകളുണ്ടോ എന്ന് ആധികാരികമായി പരിശോധിക്കും. ഇരുചക്രവാഹനങ്ങളിലെത്തിയാണ് അക്രമികൾ ഇവർക്കു നേരെ നിറയൊഴിച്ചത്. ഇതേ സംഘം തന്നെയാണു ഗൗരി വധത്തിനു പിന്നിലെന്ന് ഇനിയും പറയാനായിട്ടില്ലെന്നും എഡിജിപി വ്യക്തമാക്കി.
വധവുമായി ബന്ധമില്ല: കുണിഗൽ ഗിരി
ചോദ്യം ചെയ്യുമെന്ന അഭ്യൂഹം പ്രചരിച്ചതിനെ തുടർന്ന്, കുപ്രസിദ്ധ ഗുണ്ടാനേതാവായ കുണിഗൽ ഗിരി ഇന്നലെ എസ്ഐടി ഉദ്യോഗസ്ഥരെ കാണാനായി സിഐഡി ഓഫിസിൽ എത്തി. ഇയാളെ ചോദ്യം ചെയ്യാൻ പക്ഷേ, എസ്ഐടി കൂട്ടാക്കിയില്ല. വിളിപ്പിക്കാമെന്നു പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു.
കഴിഞ്ഞ നാലു വർഷമായി താൻ നല്ലനടപ്പിലാണെന്നു ഗിരി പിന്നീട് പ്രതികരിച്ചു. പ്രായമായ മാതാപിതാക്കളെ നോക്കേണ്ടതുണ്ട്. തനിക്ക് ഗൗരി വധവുമായി ഒരു വിധത്തിലും ബന്ധമില്ലെന്നും കുണിഗൽ ഗിരി പറഞ്ഞു.ഇയാൾ പാരപ്പന അഗ്രഹാര ജയിലിലാണെന്നാണ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നതെങ്കിലും, വ്യാഴാഴ്ച വൈകിട്ട് ജയിൽ മോചിതനായതിനെ തുടർന്നാണ് നേരിട്ട് എത്താൻ കഴിഞ്ഞതെന്നാണ് നിലവിലെ വാദം.