ബെംഗളൂരു∙ തിരുവോണസദ്യ കെങ്കേമമാക്കാനുള്ള വിഭവങ്ങളുമായി ഉദ്യാനനഗരിയിലെ ഓണച്ചന്തകൾ ഇന്നു മുതൽ സജീവമാകും. കേരളക്കരയിൽനിന്നുള്ള പച്ചക്കറികളും പലഹാരങ്ങളും കൈത്തറി വസ്ത്രങ്ങളും നിറയുന്ന ഓണച്ചന്തകൾ ഉത്രാടദിനത്തിൽ രാത്രിവരെ തുടരും. തമിഴ്നാട്ടിൽനിന്നും കർണാടകയിലെ ഗ്രാമങ്ങളിൽനിന്നുമുള്ള പച്ചക്കറി ഉൽപന്നങ്ങൾക്കു പകരം കേരളത്തിൽനിന്നുള്ള തനതു പച്ചക്കറി ഉൽപന്നങ്ങളാണ് ഓണച്ചന്തകളിലേക്കു പ്രധാനമായും എത്തുന്നത്.
നേന്ത്രപ്പഴവും പച്ചക്കായയും വയനാട്, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ കൃഷിയിടങ്ങളിൽനിന്നാണു പ്രധാനമായും വരുന്നത്. കൂടാതെ ചേന, ചേമ്പ്, കപ്പ, നാളികേരം, വെളിച്ചെണ്ണ എന്നിവയും കേരളത്തിൽനിന്ന് എത്തിക്കഴിഞ്ഞു. വിവിധതരം അച്ചാറുകൾ, വറുത്തുപ്പേരി, ശർക്കര ഉപ്പേരി, ചിപ്സ്, ഉണ്ണിയപ്പം തുടങ്ങിയ കേരളീയ പലഹാരങ്ങൾ സംഘടനകളുടെ വനിത വിഭാഗങ്ങളുടെ നേതൃത്വത്തിലാണു പാചകം ചെയ്തു പാക്കിങ് അടക്കമുള്ള ജോലികൾ പൂർത്തിയാക്കിയത്.
കൈത്തറി ഉൽപന്നങ്ങൾക്കായുള്ള പ്രത്യേക സ്റ്റാളുകളിൽ കുത്താമ്പുള്ളി, ബാലരാമപുരം എന്നിവിടങ്ങളിലെ തറികളിൽനിന്നുള്ള വസ്ത്രങ്ങൾതന്നെയാണ് ഇത്തവണയും വിൽപനയ്ക്കെത്തിയിരിക്കുന്നത്. ബെംഗളൂരുവിനു പുറമെ മൈസൂരുവിലും തുമക്കൂരുവിലും ഓണച്ചന്തകളുണ്ട്.
∙ ദൂരവാണിനഗർ കേരളസമാജത്തിന്റെ നേതൃത്വത്തിൽ ഓണച്ചന്ത ഇന്നു മുതൽ മൂന്നുവരെ വിജനപുര ജൂബിലി സ്കൂളിൽ നടക്കും. രാമമൂർത്തിനഗറിലെ എൻആർഐ ലേഔട്ടിലെ ജൂബിലി കോളജിൽ നാളെ മുതൽ മൂന്നുവരെയും ഓണച്ചന്ത പ്രവർത്തിക്കും. രാവിലെ പത്തു മുതൽ രാത്രി ഒൻപതുവരെയാണു പ്രവർത്തന സമയം.
∙ കാടുഗോഡി കൈരളി കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഓണച്ചന്ത സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിൽ കെസിഎ ഹാളിൽ നടക്കും. രാവിലെ 9.30 മുതൽ 7.30 വരെ ചന്ത പ്രവർത്തിക്കുമെന്നു ജനറൽ സെക്രട്ടറി എം.എസ്.ജയബാലൻ അറിയിച്ചു. ഫോൺ: 9844160929. –
∙ മൈസൂരു കേരള സമാജത്തിന്റെ ഓണച്ചന്ത നാളെ മുതൽ മൂന്നുവരെ വിജയനഗർ സെക്കൻഡ് സ്റ്റേജിലുള്ള സമാജം കമ്യൂണിറ്റി ഹാളിൽ നടക്കും.
∙ ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത നാളെ മുതൽ മൂന്നുവരെ ബാട്യരായനപുര സിൽവർ ജൂബിലി ഹാളിൽ നടക്കും. രാവിലെ ഒൻപതു മുതൽ രാത്രി എട്ടുവരെ ചന്ത പ്രവർത്തിക്കുമെന്നു സെക്രട്ടറി ജി.ജോയ് അറിയിച്ചു. ഫോൺ: 9886631258.
∙ കെഎൻഎസ്എസ് എംഎസ് നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണച്ചന്ത നാളെ മുതൽ മൂന്നുവരെ കമ്മനഹള്ളി ആർ.എസ് പാളയ എംഎംഇടി സ്കൂളിൽ നടക്കുമെന്നു സെക്രട്ടറി ഇ.സി.ദേവിദാസ് അറിയിച്ചു.
∙ ഉദയനഗർ മലയാളി വെൽഫയർ അസോസിയേഷന്റെ ഓണച്ചന്ത നാളെ മുതൽ മൂന്നുവരെ എംഇജി ലേഔട്ടിൽ പ്രവർത്തിക്കും.
∙ ആനേപ്പാളയ അയ്യപ്പക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ഓണച്ചന്ത സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിൽ ക്ഷേത്രഹാളിൽ നടക്കും.
∙ യശ്വന്ത്പുര കേരളസമാജത്തിന്റെ ഓണച്ചന്ത നാളെ മുതൽ മൂന്നുവരെ സമാജം ഹാളിൽ നടക്കും. രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതുവരെ പ്രവർത്തിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.