ഉന്നതരുടെ ശമ്പളം കുറച്ചു കൊണ്ട് ചെറുപ്പക്കാരെ സംരക്ഷിക്കണം, ജീവനക്കാരെ ഒരു ദിവസം പെട്ടെന്ന് പിരിച്ച് വിടുന്നത് ശരിയല്ല: നാരായണമൂർത്തി.

ബെംഗളൂരു : ഉന്നത ഉദ്യോഗസ്ഥർ ശമ്പളം വെട്ടിക്കുറക്കാൻ തയ്യാറായാൽ ഐ ടി കമ്പനികളിലെ ചെറുപ്പക്കാരുടെ ജോലി സംരക്ഷിക്കാനാകുമെന്ന് ഇൻഫോസിസിന്റെ സഹസ്ഥാപകൻ എൻ.ആർ.നാരായണമൂർത്തി.

ഡയറക്ടർ തലത്തിലുള്ളവരാണ് പ്രതിഫലത്തിൽ വലിയ വെട്ടിക്കുറക്കലിന് തയ്യാറാവേണ്ടത്. വൈസ് പ്രസിഡന്റ് പദവിയിലുളളിൽ അതിനേക്കാൾ കുറച്ച് ത്യാഗം ചെയ്താൽ മതി. വിപണിയിൽ മാന്ദ്യം അനുഭവപ്പെട്ടപ്പോൾ 2001 ൽ ഇൻഫോസിസ് ഈ രീതി വിജയകരമായി നടപ്പിലാക്കിയിരുന്നു എന്നും ഒരു ടി വി ചാനലിന് നൽകിയ അഭിമുഖത്തിൽ മൂർത്തി പറഞ്ഞു. മറ്റു പല കമ്പനികളും പുതിയ നിയമനങ്ങൾക്ക് മടിച്ചപ്പോൾ ഇൻഫോസിസ് അന്ന് 1500 പേർക്ക് ജോലി നൽകി.2008ലും ഐടി മേഖല പ്രതിസന്ധി നേരിട്ടിരുന്നു. അന്നെല്ലാം പരിഹാരവും കണ്ടെത്തിയതിനാൽ ഇപ്പോൾ അമിത ഉത്കണ്ഠയുടെ ആവശ്യമില്ല.

ജീവനക്കാരെ ഒരു ദിവസം പൊടുന്നനെ പറഞ്ഞു വിടുന്നത് ശരിയല്ല.പുതിയ തലങ്ങളിൽ അവസരം കണ്ടെത്താൻ ശ്രമിക്കുകയും ഇതനുസരിച്ച് പരിശിലനം നൽകുകയും വേണം. പുതിയ സാങ്കേതികവിദ്യ സ്വായത്തമാക്കാൻ അവസരം നൽകണം. അതിന് ശേഷവും നന്നായി പ്രവർത്തിക്കാത്തവരോട് മാത്രമേ മറ്റൊരു ജോലി നോക്കാൻ പറയേണ്ടതുള്ളൂ – നാരായണമൂർത്തി പറഞ്ഞു.

തലപ്പത്തുള്ളവരുടെ ശമ്പള വർദ്ധനക്കാര്യത്തിൽ ഇൻഫോസിസിന്റെ ഇപ്പോഴത്തെ നേതൃത്വവുമായി ഉള്ള അഭിപ്രായ വ്യത്യാസം സമീപകാലത്ത് പല തവണ മൂർത്തി വെളിപ്പെടുത്തിയിരുന്നു.മുകൾ തട്ടിൽ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിലുള്ള വേരിയബിൾ പേ ഇനത്തിൽ 60-70 % ശമ്പളവർദ്ധന നൽകുമ്പോൾ, സാധാരണ ജീവനക്കാർക്ക് ലഭിക്കുന്നത് 6 – 8% മാത്രമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

മറ്റു ചില ഐ ടി കമ്പനികളുടെ ചുവടുപിടിച്ച് ഇൻഫോസിസിലും കുട്ടപ്പിരിച്ചുവിടലുകൾ ഉണ്ടായേക്കുമെന്ന് കഴിഞ്ഞ മാസം റിപ്പോർട്ടുകൾ വന്നിരുന്നു. എച്ച് 1 ബി വിസ വ്യവസ്ഥകൾ കർശനമാക്കിയതിനെ തുടർന്നു യുഎസിൽ 10000 തദ്ദേശീയരെ നിയമിക്കുമെന്ന കമ്പനിയുടെ പ്രഖ്യാപനവും ആശങ്കകൾക്ക് കാരണമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us