സ്വര്‍ണത്തിലും പിടി വീണു;വിവാഹിതരായ സ്ത്രീകൾക്ക് കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ പരിധി 62.5 പവനായും അവിവാഹിതരായ സ്ത്രീകൾ 31.25 പവനു മുകളിൽ കൂടുതൽ കൈവശം വയ്ക്കരുതെന്നുമുള്ള നിബന്ധനകൾ നിയമഭേദഗതിയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പുരുഷന്മാർക്ക് 12.5 പവൻ കൈവശം വയ്ക്കാം.

ന്യൂഡൽഹി: നോട്ടുനിരോധനത്തിനു പിന്നാലെ സ്വർണം കൈവശം വയ്ക്കുന്നതിലും കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുന്നതായി റിപ്പോർട്ടുകൾ. വ്യക്തികൾക്ക് കൈവശംവയ്ക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കുന്ന വ്യവസ്ഥകൾ കഴിഞ്ഞദിവസം ലോക്‌സഭയിൽ അവതരിപ്പിച്ച് പാസാക്കിയ നികുതി നിയമ ഭേദഗതിയിൽ ഉൾപ്പെടുന്നതായ വിവരങ്ങളാണ് പുറത്തുവരുന്നത്.

വിവാഹിതരായ സ്ത്രീകൾക്ക് കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ പരിധി 62.5 പവനായും അവിവാഹിതരായ സ്ത്രീകൾ 31.25 പവനു മുകളിൽ കൂടുതൽ കൈവശം വയ്ക്കരുതെന്നുമുള്ള നിബന്ധനകൾ നിയമഭേദഗതിയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പുരുഷന്മാർക്ക് 12.5 പവൻ കൈവശം വയ്ക്കാമെന്നും നിർദ്ദേശമുണ്ട്.

ലോക്‌സഭയിൽ നവംബർ 29ന് പാസാക്കിയ നികുതി നിയമ ഭേദഗതിയിൽ ഇതുസംബന്ധിച്ച വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചതായ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. അതേസമയം, ഒരു വീട്ടിൽ ഉള്ള സ്വർണത്തിന്റെ അളവ് ഉറവിടം വെളിപ്പെടുത്തിയ സ്വത്തുവിവരത്തിന്റെ പരിധിക്ക് പുറത്താണെങ്കിൽ അതിന് നികുതി ചുമത്തുമെന്ന് നടക്കുന്ന പ്രചരണം ശരിയല്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.

എന്നാൽ നിയമഭേദഗതിയിൽ പറയുന്നതിന് പുറത്ത് സ്വർണം കൈവശമുണ്ടെങ്കിൽ അതിന്റെ ഉറവിടം വെളിപ്പെടുത്തുകയോ പാരമ്പര്യമായി കിട്ടിയ സ്വർണമാണെങ്കിൽ അതിന്റെ വിവരങ്ങൾ വെളിപ്പെടുത്തുകയോ വേണ്ടിവന്നേക്കാമെന്ന സൂചനകളാണ് ലഭിക്കുന്നത്.

ഇത്തരത്തിൽ ഊഹാപോഹങ്ങൾ നിരവധി പ്രചരിക്കുന്ന സാഹചര്യത്തിൽ ഇതിന് കേന്ദ്ര ധനമന്ത്രാലയം വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ വീടുകളിൽ ഉള്ള സ്വർണം പിടിച്ചെടുക്കുമെന്ന തരത്തിൽ വരുന്ന പ്രചരണം ശരിയല്ലെന്ന് അറിയിപ്പിൽ പറഞ്ഞിട്ടുണ്ട്. ഉറവിടം വെളിപ്പെടുത്തിയതിന് പുറമെ സമ്പാദിച്ച സ്വർണത്തിനു മേൽ നികുതി ചുമത്താനുള്ള ഒരു നിർദ്ദേശവും പുതിയ നിയമഭേദഗതിയിൽ ഇല്ലെന്നും മന്ത്രാലയം വിശദമാക്കിയിട്ടുണ്ട്. അധിക സ്വർണം ആദായ നികുതി റെയ്ഡിൽ പിടിച്ചെടുക്കാൻ കേന്ദ്ര ധന മന്ത്രാലയത്തിന്റെ നിർദ്ദേശമുണെന്ന പ്രചരണം തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

എന്നാൽ പാരമ്പര്യമായി സൂക്ഷിക്കുന്ന സ്വർണത്തിനു നികുതി ഈടാക്കില്ലെന്ന് വ്യക്തമാക്കിയതോടെ പുതുതായി സ്വർണം വാങ്ങി കള്ളപ്പണം വെളുപ്പിക്കുന്നവരെയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു വ്യക്തമാണ്. കറൻസി നിയന്ത്രണത്തിനു പിന്നാലെ സ്വർണ ഇടപാടുകളിലും കർശന നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങുമെന്ന് ദിവസങ്ങൾക്ക് മുമ്പുതന്നെ സൂചനകൾ പുറത്തുവന്നിരുന്നു.

സ്വർണ ഇടപാടുകൾ നടത്തുന്ന ജൂവലറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് കഴിഞ്ഞദിവസം എല്ലാ ഇടപാടുകളുടെയും വിവരം നൽകണമെന്ന് ഡയറക്ടറേറ്റ് ഓഫ് സെൻട്രൽ എക്‌സൈസ് ഇന്റലിജൻസ് നിർദ്ദേശം നൽകിയിരുന്നു. ആഭ്യന്തര സ്വർണ ഉപഭോഗത്തിൽ നിയന്ത്രണം വരുത്തുന്നതിന്റെ തുടക്കമാണ്് ഈ നിർദ്ദേശമെന്നാണ് വ്യക്തമാക്കിയിരുന്നെങ്കിലും വ്യക്തികൾക്ക് സൂക്ഷിക്കാവുന്ന സ്വർണത്തിന് പരിധി കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് ഇതോടെ ചർച്ചകളും ഉണ്ടായി.

കള്ളനോട്ട് ഒഴുക്കിന്റെ നിയന്ത്രണം കറൻസി നിരോധനംവഴി സാധ്യമാകുമെങ്കിലും സ്വർണത്തിൽ നിക്ഷേപിക്കാൻ വൻതോതിൽ കള്ളപ്പണം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ജൂവലറികളിൽ പരിശോധനയും ആരംഭിച്ചിരുന്നു. മുൻനിര ജൂവലറികൾക്കും ആഭരണ നിർമ്മാതാക്കൾക്കും അടിയന്തിരമായി കൈവശമുള്ള സ്വർണത്തിന്റെ സ്‌റ്റോക്ക് അറിയിക്കാൻ എക്‌സൈസ് ഇന്റലിജൻസ് നിർദ്ദേശം നൽകിയിട്ടുണ്ട്. കറൻസി നിരോധനം വന്നതിന് മുമ്പും പിൻപുമുള്ള നാലു ദിവസങ്ങളിലെ ഇടപാടുകളുടെ വിവരങ്ങളും തേടിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് കറൻസി നിരോധനത്തിന് പിന്നാലെ സ്വർണവിൽപനയിലും കൈവശംവയ്ക്കാവുന്ന സ്വർണത്തിന്റെ അളവിലും നിയന്ത്രണം കൊണ്ടുവരുമെന്ന സൂചനകൾ പുറത്തുവന്നത്. പക്ഷേ, ഇത്തരത്തിൽ ഒരു നീക്കമില്ലെന്നാണ് ധനമന്ത്രാലയത്തിലെ ഒരു ഉന്നതൻ മാദ്ധ്യമങ്ങളോട് കഴിഞ്ഞ ആഴ്ച പ്രതികരിച്ചത്. സ്വർണ ഇറക്കുമതിക്ക് സർക്കാർ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന സൂചനകൾ വന്നതോടെ കഴിഞ്ഞ ഒരാഴ്ച വൻതോതിൽ ജൂവലറികളും ആഭരണ നിർമ്മാതാക്കളും സ്വർണ ഇറക്കുമതി നടത്തിയെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

രാജ്യത്ത് സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ആയിരം ടണ്ണോളം സ്വർണം ഓരോ വർഷവും രാജ്യത്ത് എത്തുന്നുണ്ടെന്നും ഇതിൽ വലിയൊരളവ് കള്ളപ്പണം നൽകി പലരും വാങ്ങി സൂക്ഷിക്കുന്നുണ്ടെന്നും വ്യക്തമാണ്. അതേസമയം, വലിയ കറൻസികൾ നിരോധിക്കപ്പെട്ടതോടെ കറൻസി ഉപയോഗിച്ചുള്ള സ്വർണക്കടത്ത് നിലച്ചതായി അധികൃതർ കരുതുന്നു. വില കുറഞ്ഞു നിൽക്കുന്നതിനാൽ പിന്നീട് വില കൂടുമ്പോൾ വിൽക്കാമെന്ന് സ്വർണം കൈവശമുള്ളവർ കരുതുന്ന സ്ഥിതിയായതിനാൽ ഇപ്പോൾ വിറ്റഴിക്കാനും ആരും തയ്യാറാകുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us