ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ഗാന്ധി ഏറ്റെടുക്കണമെന്ന് പ്രവര്‍ത്തകസമിതിയോഗം. ഇക്കാര്യം സോണിയാഗാന്ധിയെ അറിയിക്കാനും പ്രവര്‍ത്തകസമിതിയോഗം തീരുമാനിച്ചു. ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ഗാന്ധി പ്രവര്‍ത്തകസമിതിയെ അറിയിച്ചു.
നാല് മണിക്കൂര്‍ നീണ്ട് നിന്ന പ്രവര്‍ത്തകസമിതിയോഗത്തില്‍ ഏ കെ ആന്റണിയാണ് രാഹുല്‍ഗാന്ധി കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടത്. അസുഖത്തെത്തുടര്‍ന്ന് സോണിയഗാന്ധി വിട്ട് നിന്ന യോഗം രാഹുല്‍ഗാന്ധിയുടെ അധ്യക്ഷതയിലായിരുന്നു ചേര്‍ന്നത്. വര്‍ഗീയ ശക്തികളെ മാറ്റി നിര്‍ത്തുന്നതിന് യുവത്വത്തിന്റ മുഖമായ രാഹുല്‍ അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന ആന്റണിയുടെ നിര്‍ദ്ദേശം മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിംഗ് ഉള്‍പ്പടെ എല്ലാവരും പിന്തുണച്ചു. വെല്ലുവിളി നേരിടാന്‍ ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ഗാന്ധി മറുപടി നല്‍കിയതോടെ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിക്കാന്‍ യോഗത്തില്‍ ധാരണയായി.
ഇനി സോണിയഗാന്ധിയാണ് അന്തിമതീരുമാനമെടുക്കേണ്ടത്. അധ്യക്ഷപദമേറ്റെടുക്കണമെന്ന നിര്‍ദ്ദേശത്തോട് ഇതുവരെ അനുകൂല നിലപാട് സ്വീകരിക്കാത്ത രാഹുല്‍, സോണിയഗാന്ധിയുടെ അസുഖത്തെ തുടര്‍ന്നാണ് നിലപാട് മാറ്റിയത്. നിര്‍ണ്ണായകമായ ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണത്തിന് സോണിയഗാന്ധിക്ക് കഴിയില്ല. ഇതാണ് രാഹുലിന്റെ സമ്മതത്തിന് കാരണം. കോണ്‍ഗ്രസില്‍ ഒരു തലമുറമാറ്റത്തിന് കൂടി വേദി ഒരുങ്ങുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനോട് പാര്‍ട്ടി പുനസംഘടനക്ക് ഒരു വര്‍ഷം കൂടി സമയം ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.