സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധിപ്പകര്‍പ്പ് വായിച്ചശേഷമാണ് ഇതെഴുതുന്നത്. ഏറെ ശ്രദ്ധനേടിയ കേസിലെ കോടി വിധി ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. സൗമ്യയെ കൊലപ്പെടുത്തിയതില്‍ ഗോവിന്ദച്ചാമി കുറ്റക്കാരനല്ലെന്നും ബലാല്‍സംഗം ചെയ്തതിനുമാത്രമാണ് ശിക്ഷയെന്നുമുള്ള വിധിയോടാണ് വിയോജിപ്പ്. അതിന്റെ കാരണങ്ങള്‍ ഇതാണ്:
എറണാകുളത്തുനിന്ന് സ്വന്തം നാടായ ഷൊര്‍ണ്ണൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിനിന്റെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സൗമ്യ തനിയെ യാത്ര ചെയ്യുമ്പോഴാണ് സംഭവം എന്നാണ് പ്രോസിക്യൂഷന്‍ ഭാഗം. യാത്രക്കിടെ, സ്ഥിരം കുറ്റവാളിയായ ഗോവിന്ദച്ചാമി വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കുകയും സൗമ്യയെ അക്രമിക്കുകയും ചെയ്തു.
സൗമ്യയുടെ മുടിക്ക് പിടിച്ച് തല ട്രെയിനിന്റെ അകത്തെ ഭിത്തിയില്‍ നാലഞ്ചുതവണ ശക്തമായി ഇടിക്കുകയും സൗമ്യയെ ബലാല്‍സംഗം ചെയ്ത ശേഷം അബോധാവസ്ഥയിലായ നിലയില്‍ ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഗോവിന്ദച്ചാമി കൊലക്കുറ്റം ചെയ്തിട്ടില്ലെന്ന് വിധിച്ച സുപ്രീംകോടതി വധശിക്ഷയില്‍ നിന്ന് അയാളെ ഒഴിവാക്കിയിരിക്കുകയാണ്. അതേസമയം വകുപ്പ് 376 അനുസരിച്ച് ബലാല്‍സംഗത്തിന് ജീവപര്യന്തം തടവ് ശിക്ഷിക്കുകയും ചെയ്തു. മാരകമായി പരിക്കേല്‍പ്പിച്ചതിന് വകുപ്പ് 325 അനുസരിച്ചുള്ള 7വര്‍ഷം തടവും കോടതി വിധിച്ചു.
സൗമ്യയെ കൊലപ്പെടുത്താന്‍ പ്രതിക്ക് ഉദ്യേശമുണ്ടായിരുന്നെന്ന് സ്ഥാപിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊലക്കുറ്റത്തില്‍ നിന്ന് പ്രതിയെ സുപ്രീംകോടതി മോചിപ്പിച്ചത്.
തെളിവുകളില്ലാത്തിനാല്‍ ഐപിസി 302 അനുസരിച്ചുള്ള കുറ്റം നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ ആക്രമണത്തില്‍ നാലഞ്ചുതവണ തലയ്ക്ക് ആഘാതമേല്‍ക്കുകയും പിന്നീട് സ്വയം ട്രെയിനില്‍നിന്ന് ചാടുകയും ബലാല്‍സംഗത്തിന് വിധേയയാകുകയും ചെയ്തതാകാം എന്ന സാധ്യത കോടതി ഉയര്‍ത്തിക്കാട്ടുന്നു. എന്തായാലും 376- വകുപ്പനുസരിച്ച് പ്രതിക്കെതിരെ ബലാല്‍സംഗക്കുറ്റം നിലനില്‍ക്കുന്നതായി കോടതി കണ്ടെത്തിയിട്ടുണ്ട്. ഭാരതീയ ശിക്ഷാ നിയമത്തിലെ മറ്റു വകുപ്പുകളും ശരിവച്ചു.
വധിപ്പകര്‍പ്പിലെ 15-ാം ഖണ്ഡികയില്‍ പറയുന്നത്, നാലാം സാക്ഷിയും നാല്‍പ്പതാം സാക്ഷിയും നല്‍കിയ മൊഴിയില്‍ സൗമ്യ സ്വയം ട്രെയിനില്‍നിന്ന് ചാടിയെന്ന് ഒരു മധ്യവയസ്‌ക്കന്‍ കണ്ടുവെന്നാണ്. രണ്ടു സാക്ഷികളും നല്‍കിയ ജനശ്രുതി തെളിവായി സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ എന്തുകൊണ്ടാണ് സുപ്രീംകോടതി അതു സ്വീകരിച്ചത്. വിധിയിലെ ഏറ്റവും പ്രകടമായ തെറ്റാണിത്.
എന്നാല്‍ ഇതിലും ഗൗരവകരമായ ഒരു തെറ്റ് വിധിന്യായത്തിലുണ്ട്. സെക്ഷന്‍ 300 പറയുന്നതനുസരിച്ച് കൊലപ്പെടുത്തണമെന്ന ഉദ്യേശമില്ലെങ്കില്‍ കൂടി, ഉണ്ടാക്കിയ മുറിവുകള്‍ മരണകാരണമായെങ്കില്‍ പരമാവധി ശിക്ഷയായ വധശിക്ഷയ്ക്ക് അര്‍ഹമായ 302- വകുപ്പ് ചുമത്താം.
ഇന്ത്യന്‍ശിക്ഷ നിയമത്തിലെ 300- വകുപ്പ് കൊലപാതകങ്ങള്‍ ഏതൊക്കെ എന്ന് വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
1. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം, അല്ലെങ്കില്‍ മുറിവേല്‍പ്പിക്കല്‍
2.ഏതെങ്കിലും മുറിവ് മരണകാരണമാവും എന്ന അറിവുണ്ടായിട്ടും അതേ മുറിവ് ഏല്‍പ്പിക്കുക.
3.മുറിവേല്‍പ്പിക്കാനായി നടത്തിയ ആക്രമണം സാധാരണ അവസ്ഥയില്‍ മരണത്തിന് കാരണമായാല്‍
4.മരണകാരണമാകുമെന്ന ഉറച്ചവിശ്വാസത്തോടെ മുറിവേല്‍പ്പിക്കുക.
ഇതില്‍ മൂന്നാമത്തേതാണ് സൗമ്യ കേസില്‍ ബാധകമാക്കാന്‍ പറ്റുക. ഡിഎന്‍എ പരിശോധനയില്‍ പ്രതിയുടെ ശുക്ലം സൗമ്യയുടെ യോനിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതംഗീകരിച്ച സുപ്രീംകോടതി പ്രതി ബലാല്‍സംഗം ചെയ്‌തെന്നും അതിക്രൂരമായ പ്രവൃത്തി ജീവപര്യന്തത്തിന് അര്‍ഹമാണെന്നും വ്യക്തമാക്കി.
കേരളാ ഹൈക്കോടതിയുടെ വിശദമായ വിധിയില്‍ 398- ഖണ്ഡികയില്‍ നിരീക്ഷിക്കുന്നത് ഇങ്ങനെ: ബലാല്‍സംഗശ്രമത്തിനിടെ സൗമ്യയുടെ തലമുടിയില്‍ ചുറ്റിപ്പിടിച്ച് ട്രെയിനിന്റെ അകത്തെ ഭിത്തിയില്‍ പ്രതി നിരവധി തവണ തല ഇടിപ്പിച്ചത് സൗമ്യയുടെ ശരീരത്തെ വളരെയേറെ മുറിവേല്‍പ്പിക്കുന്നതായി. സൗമ്യയുടെ നഖങ്ങള്‍ക്കടിയില്‍നിന്ന് പ്രതിയുടെ രക്തവും തൊലിയും ലഭിച്ചിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നത് സൗമ്യയ്ക്ക് ഇറങ്ങേണ്ട സ്റ്റേഷന് മുമ്പായി ട്രെയിനില്‍ വലിയ പിടിവലി നടന്നതായും ബലാല്‍സംഗം നടന്നതായുമാണ്. ബട്ടണുകള്‍ പൊട്ടുകയും അതിലൊരു കഷണം പ്രതിയുടെ ഷര്‍ട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. മറ്റുള്ളവ വനിതാ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് ലഭിച്ചു. തലമുടിയില്‍ ധരിക്കുന്ന ക്ലിപ്പിന്റെ പൊട്ടിയ ഭാഗങ്ങളും മറ്റു സാധനങ്ങളും കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലഭിച്ചവയിലുണ്ട്.
സൗമ്യയുടെ രക്തം പ്രതിയുടെ ഷര്‍ട്ടില്‍ നിന്ന് കണ്ടെത്തി. സൗമ്യയുടെ യോനിയിലും ചുറ്റും പ്രതിയുടെ ശുക്ലസ്രവം ഉണ്ട്. സൗമ്യ ധരിച്ചിരുന്ന ക്രീം കളറിലുള്ള ഷര്‍ട്ട് ശരീരത്തില്‍ നിന്ന് പറിച്ചുമാറ്റിയ നിലയിലായിരുന്നു. ഷര്‍ട്ടിലും ഗോവിന്ദച്ചാമിയുടെ ശുക്ലം കണ്ടെത്തിയിട്ടുണ്ട്”.
പ്രതി ചെയ്ത കൊലപാതക കുറ്റം സ്ഥിരീകരിക്കാതിരുന്നതു വഴി സുപ്രീംകോടതി നിയമത്തെ കുഴിച്ചുമൂടിയിരിക്കുകയാണ്.
അതിനാല്‍ തന്നെ സുപ്രീംകോടതിയുടെ വിധിന്യായം പുനപരിശോധനയ്ക്ക് വിധേയമാക്കുക തന്നെ വേണം. വകുപ്പ് 300- വകുപ്പിന്റെ ആദ്യഭാഗം മാത്രം പരിഗണിച്ചാല്‍ തന്നെ ഗോവിന്ദച്ചാമിക്ക് സൗമ്യയെ കൊലപ്പെടുത്താന്‍ ഉദ്യേശമുണ്ടെന്ന് വ്യക്തമാകും. 300- വകുപ്പ് ശ്രദ്ധാപൂര്‍വ്വം വായിക്കാന്‍ കോടതി തയ്യാറായിട്ടില്ല. തുറന്ന കോടതിയില്‍വച്ച് വിധി പുനപരിശോധിക്കാന്‍ കോടതി തയ്യാറാകണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.