തിരുവനന്തപുരം ∙ കായൽ കയ്യേറ്റ ആരോപണത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിനു വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. ഇടതുമുന്നണിയിലെ പൊട്ടിത്തെറിയെത്തുടർന്ന്, ഗത്യന്തരമില്ലാതെയാണു ചാണ്ടിയുടെ രാജി. മന്ത്രിസ്ഥാനം സംരക്ഷിക്കാൻ അവസാനനിമിഷം വരെ സമ്മർദ്ദം ചെലുത്തിയ എൻസിപിക്കും രാജിയല്ലാതെ മറ്റൊരു പോംവഴിയില്ലാതായി. ആരോപണങ്ങളെ പ്രതിരോധിച്ചും വെല്ലുവിളിച്ചും നിലകൊണ്ട തോമസ് ചാണ്ടി അവസാനം രാജിക്കു വഴങ്ങുകയായിരുന്നു. എൻസിപി ദേശീയ നേതൃത്വവുമായി നടന്ന കൂടിയാലോചനയ്ക്കു പിന്നാലെയാണു മന്ത്രിയുടെ രാജിപ്രഖ്യാപനം. പിണറായി വിജയൻ സർക്കാരിൽനിന്നു രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണു തോമസ് ചാണ്ടി. രാജിക്കത്ത് ഗവർണർക്ക് അയച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
ഏറെ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിലാണു തോമസ് ചാണ്ടി പദവിയൊഴിഞ്ഞത്. എൻസിപി ദേശീയ നേതൃത്വവുമായി നടന്ന ചർച്ചകൾക്കുശേഷം തോമസ് ചാണ്ടി രാജിക്കത്ത് പാർട്ടി നേതൃത്വത്തിനു കൈമാറുകയായിരുന്നു. യോഗത്തിനുശേഷം പുറത്തിറങ്ങിയ തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണാൻ പോകുമെന്നു കരുതിയെങ്കിലും ഔദ്യോഗിക വാഹനത്തിൽ സ്വന്തം മണ്ഡലമായ കുട്ടനാട്ടിലേക്കാണു യാത്ര തിരിച്ചത്. പിന്നാലെ പാർട്ടി അധ്യക്ഷൻ ടി.പി. പീതാംബരൻ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി കൈമാറി. അതിനിടെ, രാജിവച്ചു മടങ്ങിയ തോമസ് ചാണ്ടിയെ അടൂരിൽ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാട്ടി, ചീമുട്ടയെറിഞ്ഞു.
തോമസ് ചാണ്ടി രാജിവയ്ക്കണമെന്നു സിപിഐ ആദ്യം മുതൽതന്നെ കടുത്ത നിലപാടെടുത്തിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കടുത്ത ഭാഷയിൽ ചാണ്ടിക്കെതിരെ രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ ആകെയുള്ള രണ്ട് എംഎൽഎമാരും മന്ത്രിമാരാവുകയും വിവാദത്തിൽപ്പെട്ടു രാജിവച്ചു സ്ഥാനമൊഴിയുകയും ചെയ്തെന്ന അപൂർവസ്ഥിതിയിലാണ് ഇപ്പോൾ എൻസിപി.
രാജിക്കാര്യത്തിൽ തലസ്ഥാനത്തു തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നതിനിടെ രാവിലെ എട്ടുമണിക്ക് തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു കാര്യങ്ങൾ വിശദീകരിച്ചിരുന്നു. പിന്നാലെ നടന്ന മന്ത്രിസഭായോഗത്തിലും തോമസ് ചാണ്ടി പങ്കെടുത്തു. എന്നാൽ തോമസ് ചാണ്ടി പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാർ യോഗത്തിനെത്തിയില്ല. പിന്നീടു മാധ്യമങ്ങളെ കണ്ടപ്പോൾ മുഖ്യമന്ത്രി സിപിഐയുടെ നിലപാടിൽ അസംതൃപ്തി അറിയിക്കുകയും ചെയ്തു. തോമസ് ചാണ്ടി വിഷയത്തിൽ തീരുമാനം എൻസിപി ദേശീയ നേതൃത്വത്തിനു വിട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പിന്നീടാണ് രാജിയിലേക്കു നീങ്ങിയത്.
ആലപ്പുഴ കലക്ടർ ടി.വി. അനുപമയുടെ റിപ്പോർട്ടാണു തോമസ് ചാണ്ടിക്കെതിരെ ശക്തമായ ‘കുറ്റപത്ര’മായി മാറിയത്. തോമസ് ചാണ്ടി കുട്ടനാട്ടിൽ നടത്തിയ ഭൂമിയിടപാടുകൾ ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെൽവയൽ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടർ, അഞ്ചുവർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തി. മാർത്താണ്ഡം കായലിലെ ഭൂമികയ്യേറ്റവും ലേക്ക് പാലസ് റിസോർട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോർട്ട്, ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാർശ ചെയ്തു.
ഗുരുതര ആരോപണങ്ങളുള്ള കലക്ടറുടെ റിപ്പോർട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണു തോമസ് ചാണ്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി നിലനിൽക്കുമോയെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിതെന്നു ചൂണ്ടിക്കാട്ടി. ‘മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹർജി നൽകാൻ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സർക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സർക്കാരിനു നിലപാടെടുക്കാനാകുമോ?’ തുടങ്ങിയ സുപ്രധാന ചോദ്യങ്ങളുന്നയിച്ച ഹൈക്കോടതി ചാണ്ടിയുടെ അവസാന പ്രതീക്ഷകളും തകർത്തു.
‘നിങ്ങൾ സർക്കാരിനെ ആക്രമിക്കുന്നു. മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിത്. കോടതിയെ സമീപിച്ചു തൽസ്ഥാനത്തു തുടരാനാണു മന്ത്രിയുടെ ശ്രമം. ഇതു ദൗർഭാഗ്യകരമാണ്. അയോഗ്യത കൽപ്പിക്കാൻ മതിയായ കാരണങ്ങളാണിത്. സർക്കാരിനെതിരെ കോടതിയെ സമീപിച്ചതു െതറ്റുതന്നെ. തോമസ് ചാണ്ടിക്ക് ഇനിയെങ്ങനെ മന്ത്രിസഭയിൽ ഇരിക്കാനാകും? മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തമില്ലായ്മയാണ്. സർക്കാരിനെയും കാബിനറ്റ് സെക്രട്ടറിയായ ചീഫ് സെക്രട്ടറിയെയും എതിർ കക്ഷിയാക്കി ഒരു മന്ത്രിക്ക് എങ്ങനെ ഹർജി നൽകാനാവും? കലക്ടറുടെ പരാമർശങ്ങൾ നീക്കാനാണെങ്കിൽ മന്ത്രിക്കു ജില്ലാ കലക്ടറെ സമീപിക്കാമായിരുന്നുവല്ലോ’– കോടതി വാക്കാൽ വ്യക്തമാക്കി.
ചാണ്ടിയുടെ ഹര്ജി മന്ത്രിസഭയ്ക്ക് എതിരല്ലെന്ന് ആദ്യം നിലപാടെടുത്ത സ്റ്റേറ്റ് അറ്റോര്ണി കെ.വി. സോഹൻ, മന്ത്രിയുടെ ഹർജി അപക്വമെന്നു നിലപാടു മാറ്റി. ഇതു ഫലത്തിൽ സർക്കാർതന്നെ മന്ത്രിയെ തള്ളുന്നതായി. രൂക്ഷ വിമർശനങ്ങൾക്കു പിന്നാലെ, തോമസ് ചാണ്ടിക്കു വേണമെങ്കിൽ ഹർജി പിൻവലിക്കാമെന്നു ഹൈക്കോടതി അറിയിച്ചു. എന്നാൽ ഹർജി പിൻവലിക്കുന്നില്ലെന്ന് ഉച്ചയ്ക്കു വീണ്ടും കോടതി ചേർന്നപ്പോൾ തോമസ് ചാണ്ടിയുടെ അഭിഭാഷകൻ അറിയിച്ചു. ഹൈക്കോടതിയുടെ പരാമർശങ്ങളിൽ ചർച്ച വേണ്ടെന്നും മന്ത്രിയെ പൂർണമായും പിന്തുണയ്ക്കുന്നെന്നുമായിരുന്നു എൻസിപിയുടെ ആദ്യ നിലപാട്. എന്നാൽ സമ്മർദ്ദം താങ്ങാനാകാതെ പാർട്ടിയും പിന്നീടു കൈവിട്ടതോടെ രാജി മാത്രമായിരുന്നു ചാണ്ടിക്കു മുൻപിലുള്ള ഏകവഴി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.