ബെംഗളൂരു: കഴിഞ്ഞ 2 ദിവസമായി ബെംഗളൂരു വാർത്തയുടെ ഔദ്യോഗിക നമ്പറിൽ ലഭിക്കുന്ന ഫോൺ കോളുകളുടേയും സന്ദേശങ്ങളുടേയും പിന്നിൽ ഉള്ള ചോദ്യമാണ് ഇവിടെ ശീർഷകമായി കൊടുത്തിട്ടുള്ളത്.
നല്ലൊരു വിഭാഗം ആൾക്കാർക്കും അറിയേണ്ടത് ഡിസംബർ 15 മുതൽ രണ്ടു മാസത്തോളം സംസ്ഥാനത്ത് ലോക്ക് ഡൗൺ ഉണ്ടോ എന്നതാണ്, എവിടുന്നു ലഭിച്ചു ഈ വാർത്ത എന്ന ചോദ്യത്തിന് ചിലർ താഴെ കൊടുത്തിരിക്കുന്ന വീഡിയോ അയച്ചു തന്നു.
സംസ്ഥാനത്തെ പ്രധാനപ്പെട്ട പ്രാദേശിക വാർത്താ ചാനൽ ആയ ബി-ടി.വിയുടെ ലോഗോ ഉള്ളതാണ് ഈ വീഡിയോ.
“കർണാടകയിൽ വീണ്ടും ലോക്ക് ഡൗൺ ? ഡിസംബർ 15 മുതൽ 8 ആഴ്ചത്തേക്ക് കർണാടക വീണ്ടും അടച്ചിടുമോ ? കൊറോണയുടെ പുതിയ രൂപമാറ്റത്തിൽ നിന്നും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ജനങ്ങളെ ശ്രദ്ധിക്കുക… ചെറിയ ഒരു തെറ്റ് വരെ വീണ്ടും ലോക്ക് ജീവിതത്തിലേക്ക് വഴി മാറാം ” ഇങ്ങനെ പോകുന്നു വീഡിയോയിലെ അവതാരകയുടെ വാർത്താ വായന.എന്നാൽ ഇതിലെവിടെയും ലോക്ക് ഡൗൺ ഉറപ്പിച്ചതിനെക്കുറിച്ച് പറയുന്നില്ല.
പുതിയ വകഭേദമായ ഒമിക്രോണിനെ കുറിച്ച് പറയുന്നുണ്ട്.
ഔദ്യേഗികമായി സംസ്ഥാന – കേന്ദ്ര സർക്കാരുകൾ ഡിസംബർ മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടില്ല, കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് സംഖ്യകൾ കൂടിയിട്ടുണ്ടെങ്കിലും, ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ ഒരു വിധത്തിലും ഡിസംബർ മധ്യത്തിൽ ലോക്ക്ഡൗണിനുള്ള സാദ്ധ്യത ഒട്ടും തന്നെ ഇല്ല.
ജനങ്ങളെ ആകർഷിച്ച് റേറ്റിംഗ് കൂടുന്നത് വേണ്ടി മാധ്യമങ്ങൾ ഒരുക്കുന്ന കൗതുകകരമായ ശീർഷകം മാത്രമാണ് അത്. ഡിസംബർ 15 മുതൽ കർണാടകയിൽ ഇതുവരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടില്ല.
ഇനി എന്തെങ്കിലും സത്യസന്ധമായ വാർത്ത പ്രഖ്യാപനങ്ങൾ ഉണ്ടെങ്കിൽ ബെംഗളൂരു മലയാളികളെ ഇത് ആദ്യമറിയിക്കുന്നത്, ബെംഗളൂരുവാർത്ത യായിരിക്കും.