ബെംഗളൂരു: കൂട്ടപ്പിരിച്ചുവിടൽ പ്രശ്നത്തിന് പരിഹാരം തേടി ഐടി, അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാർ കർണാടക സർക്കാറിനെ സമീപിക്കുന്നു. തൊഴിൽ സംരക്ഷിക്കപ്പെടാൻ ഐടി, അനുബന്ധ മേഖലകൾക്ക് പ്രത്യേക നിയമം വേണമെന്ന ആവശ്യവുമായി കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ, തൊഴിൽ മന്ത്രി സന്തോഷ് ലാഡ് എന്നിവരെ വരും ദിവസങ്ങളിൽ കാണുമെന്ന് ബെംഗളൂരുവിലെ ഐ ടി, അനുബന്ധ വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കൂട്ടായ്മയായ ഐ ടെക് അറിയിച്ചു. ഇതു വരെ തൊഴിൽ നഷ്ടപ്പെട്ടവരെ കണ്ടെത്തി അവർക്ക് ആവശ്യമായ നിയമസഹായം നൽകാനും ഐ ടെക് ലക്ഷ്യമിടുന്നു.
നിലവിലെ തൊഴിൽ നിയമങ്ങൾ ഐടി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ടത്ര സംരക്ഷണം നൽകുന്നവയല്ലെന്ന് ഐടെക് അഭിപ്രായപ്പെട്ടു.നൂറു ജീവനക്കാരിൽ അധികമുള്ള കമ്പനികളിൽ നിന്ന് തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാൻ തൊഴിൽ വകുപ്പിന്റെ അനുമതി വേണം. എന്നാൽ ഐ ടി കമ്പനിയുടെ പിരിച്ചുവിടലിൽ ഇതൊന്നും ബാധകമായിട്ടില്ല. സർക്കാർ ഈ വിഷയങ്ങളിൽ കാര്യമായി ഇടപെട്ടിട്ടുമില്ല. ജോലിയിൽ മികവു പ്രകടിപ്പിക്കാത്തവരെയാണ് പിരിച്ചുവിടുന്നത് എന്നാണ് കമ്പനികളുടെ വാദം.
എന്നാൽ നല്ല പ്രകടനം നടത്തിയവർക്കും ജോലി നഷ്ടം നേരിട്ടിട്ടുണ്ടെന്നാണ് വാർത്തകൾ, മാത്രമല്ല” മോശം പ്രകടനം” എന്ന് മുദ്ര കുത്തുന്നത് മറ്റ് കമ്പനികളിൽ ജോലി തേടാനും തടസ്സമാകുന്നു. മറ്റ് കമ്പനി തൊഴിലാളികൾക്ക് ഇത്തരം പ്രതിസന്ധികൾ നേരിടേണ്ടി വരുന്നില്ല, ഇന്ത്യയിൽ തൊഴിൽ നിയമം നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഐടി ജീവനക്കാർക്കും ലഭ്യമാക്കേണ്ടതുണ്ട്. അതിനാൽ ഐ ടി മേഖലക്ക് മാത്രമായി പ്രത്യേക തൊഴിൽ നിയമം രൂപീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ബെംഗളൂരുവിൽ എത്ര പേർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട് എന്ന കൃത്യമായ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല.
അതേസമയം, ബെംഗളുരുവിലെ ഐടി മേഖലയിൽ 15 ലക്ഷത്തോളം പേർ ജോലി ചെയ്യുന്നുണ്ട്, അതിൽ തന്നെ 30% ത്തോളം പേർ മലയാളികൾ ആണെന്നാണ് അനൗദ്യോഗിക കണക്ക്. അതിനാൽ കൂട്ട പിരിച്ചുവിൽ അനേകം മലയാളികളേയും ബാധിക്കും. ബെംഗളൂരുവിൽ കുടുംബത്തോടൊപ്പം ജീവിക്കുന്ന അനേകം മലയാളികളുണ്ട്.
വീട്ടുവാടക, ബാങ്ക് ലോൺ, സ്കൂൾ ഫീസ് തുടങ്ങി മാസം തോറും പതിനയിരക്കണക്കിന്ന് രൂപയുടെ ബാദ്ധ്യതയുള്ളവരാണ് ഇതിലേറേയും, പെട്ടെന്ന് ഒരു സുപ്രഭാതത്തിലുണ്ടാകുന്ന ജോലി നഷ്ടം അവരേയും ബാധിക്കും.പി വിടുന്നവർക്ക് രണ്ട് മാസത്തെ സമയ പരിധിയാണ് നൽകുക ഇതിനകം ജോലി കണ്ടെത്താനായില്ലെങ്കിൽ വലിയ പ്രതിസന്ധിയാണ് നേരിടുക.
ജോലി നഷ്ടപ്പെട്ടവർക്ക് 9620907912 എന്ന നമ്പറിൽ ഐടെക് ഭാരവാഹികളുമായി ബന്ധപ്പെടാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.