ഇന്ത്യൻ ചുണക്കുട്ടികളുടെ വിജയഗാഥ തുടരുന്നു. മാഞ്ചസ്റ്ററില്‍ ഇന്ത്യക്ക് തിളക്കമാർന്ന വിജയം. 269 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് നിര ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ ഒന്ന് പൊരുതാൻ പോലുമാവാതെ തകർന്നടിഞ്ഞു. ഇന്ത്യക്ക് 125 റൺസിന്റെ ഉജ്വല വിജയം. പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് വിരാട് കോലിക്ക്.
അർധ സെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ കോലിയുടെയും മുൻ നായകൻ എം. എസ്. ധോനിയുടെയും മികവിലാണ് ഇന്ത്യ വിൻഡീസിനെതിരേ 268 റൺസ് നേടിയത്. അവസാന ഓവറിൽ ധോനി രണ്ടു സിക്സും ഒരു ഫോറും നേടിയാണ് അർധ സെഞ്ചുറി പൂർത്തിയാക്കിയത്. 61 പന്തിൽ മൂന്നു ഫോറും രണ്ട് സിക്സും സഹിതമായിരുന്നു ധോനിയുടെ ഇന്നിങ്സ്.
269 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 100 റൺസ് എത്തും മുൻപ് പകുതി ബാറ്റ്സ്മാന്മാരും പുറത്തായി. ക്രിസ് ഗെയ്ൽ (6), സുനിൽ ആംബ്രിസ് (31), ഷായി ഹോപ് (5), നിക്കോളസ് പൂരൻ (28), ജേസൺ ഹോൾഡർ (6), എന്നിവരുടെ വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്.
സ്‌കോര്‍ 107ൽ എത്തിയപ്പോൾ ബ്രാത്ത്‌വെയ്റ്റ് പുറത്തായി. അധികം വൈകാതെ വിൻഡീസിന്റെ ഏഴാം (അലന്‍) വിക്കറ്റും, എട്ടാം (ഹെറ്റ്മയര്‍) വിക്കറ്റും നഷ്ടമായി. ബ്രാത്വെയ്റ്റിനെയും അല്ലെനെയും ഭൂംറ അടുത്തടുത്ത പന്തുകളിലാണ് മടക്കിയത്. സ്കോർ 124ൽ എത്തിയപ്പോൾ കോട്രലിനെ ചാഹല്‍ മടക്കി. അങ്ങനെ ഒൻപതാം വിക്കറ്റും വീണു. വിൻഡീസിന്റെ അവസാന വിക്കറ്റും വീഴുമ്പോൾ അവരുടെ സ്കോർ 34.2 ഓവറിൽ 143 റൺസ്.ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാലു വിക്കറ്റ് വീഴ്ത്തി.
ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 29 റൺസിനിടയിൽ തന്നെ ഓപ്പണർ രോഹിത് ശർമ്മയെ നഷ്ടപ്പെട്ടു. പിന്നീട് രണ്ടാം വിക്കറ്റിൽ വിരാട് കോലിയും കെ.എൽ രാഹുലും ചേർന്ന് 69 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 48 റൺസെടുത്ത രാഹുലിനെ പുറത്താക്കി ഹോൾഡർ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് ക്രീസിലെത്തിയ വിജയ ശങ്കറിന് അധികം ആയുസുണ്ടായിരുന്നില്ല. 14 റൺസെടുത്ത വിജയ് ശങ്കര്ഡ റോച്ചിന് മുന്നിൽ കീഴടങ്ങി.
തൊട്ടുപിന്നാലെ ഏഴു റൺസോടെ കേദർ ജാദവും ക്രീസ് വിട്ടു. അതു റോച്ചിനായിരുന്നു വിക്കറ്റ്, അഞ്ചാം വിക്കറ്റിൽ വിരാട് കോലിയും എം.എസ് ധോനിയും ഒത്തുചേർന്നു. ഇരുവരും 40 റൺസ് സ്കോർ ബോർഡിൽ ചേർത്തു. എന്നാൽ 39-ാം ഓവറിൽ 72 റൺസുമായി കോലി മടങ്ങി. ഹോൾഡർക്കായിരുന്നു വിക്കറ്റ്.
പിന്നീട് ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ചായിരുന്നു ധോനിയുടെ രക്ഷാപ്രവർത്തനം. 49-ാം ഓവറിൽ ഹാർദിക് പുറത്താകുമ്പോഴേക്കും സ്കോർ ബോർഡിൽ 70 റൺസ് കൂടി ഉയർന്നിരുന്നു. 38 പന്തിൽ അഞ്ച് ഫോർ സഹിതം 46 റൺസാണ് ഹാർദിക് നേടിയത്. ആ ഓവറിൽ തന്നെ മുഹമ്മദ് ഷമിയും പുറത്തായി. രണ്ട് പന്ത് നേരിട്ട ഷമിക്ക് അക്കൗണ്ട് തുറക്കാനായില്ല.
വിൻഡീസിനായി റോച്ച് മൂന്നു വിക്കറ്റും കോട്രെലും ഹോൾഡറും രണ്ട് വിക്കറ്റ് വീതവും നേടി. ആറു മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ വിജയിച്ച ഇന്ത്യ 11 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.