രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

ഇരുപത്തി മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയില്‍ തുടക്കമാകും. വൈകിട്ട് ആറ് മണിയ്ക്ക് ആരംഭിക്കുന്ന മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സാംസ്കാരിക വകുപ്പ് മന്ത്രി കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദോബദാസ് ഗുപ്ത മുഖ്യാതിഥിയാകും. ഇവരെ കൂടാതെ നടിയും സ൦വിധായികയുമായ നന്ദിതാ ദസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

നഷ്ട ബോധവും വേര്‍പാടും തളര്‍ത്തിയ ജീവിതങ്ങള്‍ക്ക് അതിജീവനത്തിന്‍റെ സന്ദേശം പകരുകയെന്നതാണ് മേളയുടെ പ്രധാന പ്രമേയം.

മേളയുടെ ഹാന്‍ഡ്ബുക്ക് പ്രകാശനം നിര്‍വഹിക്കുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിന് കൈമാറികൊണ്ടാണ് പ്രകാശനം നിര്‍വഹിക്കുന്നത്.

മേളയുടെ ബുള്ളറ്റ് പ്രകാശനം കെ മുരളീധരന്‍ എംഎല്‍എ നിര്‍വ്വഹിക്കും. സിനിമയിലെ സമഗ്ര സംഭാവനയ്ക്കുളള പുരസ്കാര൦ മേളയില്‍ സമ്മാനിക്കും.

അഞ്ച് ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിക്കും.

സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഉണ്ടാകില്ലെന്നായിരുന്നു ആദ്യ൦ അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

ഡിസംബര്‍ 13 വരെ നഗരങ്ങളിലെ പതിമൂന്ന് തിയേറ്ററുകളിലായാണ് ചലച്ചിത്രമേള നടക്കുക. 164 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

ഫിലിംസ് ഓണ്‍ ഹോപ്പ് ആന്‍ഡ് റിബില്‍ഡി൦ഗ് ഉള്‍പ്പടെ 11 വിഭാഗങ്ങളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. പ്രതിസന്ധികളെ അതിജീവിച്ച്‌ മുന്നേറുന്ന അഞ്ച് ചിത്രങ്ങളടങ്ങിയ വിഭാഗമാണ്‌ ഫിലിംസ് ഓണ്‍ ഹോപ്പ് ആന്‍ഡ് റിബില്‍ഡി൦ഗ്.

മെല്‍ ഗിബ്സണിന്‍റെ അപ്പോകാലിപ്റ്റോ, ജയരാജിന്‍റെ വെള്ളപ്പൊക്കത്തില്‍, ഫിഷര്‍ സ്റ്റീവന്‍സിന്‍റെ ബിഫോര്‍ ദി ഫ്ളഡ്, മണ്ടേല: ലോ൦ഗ് വാക്ക് ടു ഫ്രീഡം തുടങ്ങിയ ആറ് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

14 ചിത്രങ്ങളാണ് മത്സര ഇനത്തിലുള്ളത്. ഈ.മ.യൗ., സുഡാനി ഫ്രം നൈജീരിയ’ എന്നീ ചിത്രങ്ങളാണ് ഈ ഇനത്തില്‍ മലയാളത്തില്‍ നിന്നും ഇടം പിടിച്ചിരിക്കുന്നത്.

അറബ് സംവിധായകന്‍ അഹ്മദ് ഫൗസി സാലെയുടെ പോയ്സണസ് റേസസ്, ഉറുദു സംവിധായകനായ പ്രവീണ്‍ മോര്‍ച്ചലയുടെ വിഡോ ഓഫ് സൈലന്‍സ് എന്നിവയും മത്സര ഇനത്തില്‍ പ്രദര്‍ശിപ്പിക്കും.

ലോകസിനിമാ ചരിത്രത്തിലെ വിസ്മയ പ്രതിഭ ബര്‍ഗ്മാന്‍റെ ജന്മശതാബ്‍ദിയോടനുബന്ധിച്ച്‌ സ്‌മൈല്‍സ് ഓഫ് എ സമ്മര്‍ നൈറ്റ്, പെഴ്സോണ, സീന്‍സ് ഫ്രം എ മാര്യേജ് എന്നിവയുള്‍പ്പെടെ എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

റിമെംബെറി൦ഗ് ദി മാസ്റ്റര്‍’ വിഭാഗത്തില്‍ ചെക്ക് സംവിധായകനായ മിലോസ് ഫോര്‍മാന്‍റെ 6 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ മലയാളി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ ആറ് ചിത്രങ്ങള്‍ ക്രോണിക്ലര്‍ ഓഫ് ഔര്‍ ടൈംസ് എന്ന വിഭാഗത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

മായാനദി, ബിലാത്തിക്കുഴല്‍, ഈട, കോട്ടയം, ആവേ മരിയ, പറവ, ഓത്ത് തുടങ്ങിയ 12 ചിത്രങ്ങളാണ് മലയാള സിനിമ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us