ജനം മനസ്സിലാക്കുകയാണ്; കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് യുഡിഎഫ് സര്‍ക്കാര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് നിലവിലെ യുഡിഎഫ് സര്‍ക്കാരെന്ന് ജനം തിരിച്ചറിഞ്ഞതായി പ്രതിപക്ഷ നേതാവ്
പിണറായി വിജയൻ. തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ഇതാണെന്നും അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തന്നെ പൊതു തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ജനപിന്തുണ തകരുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു.

പത്ത് വര്‍ഷമായി സംസ്ഥാനത്ത് ഇല്ലാതിരുന്ന പവര്‍ക്കട്ട് തിരികെ വന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യരംഗം തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. സാമൂഹ്യക്ഷേമ നടപടികളും ലൈഫ് പദ്ധതിയും അവതാളത്തിലായി. കിഫ്ബി അടക്കമുള്ള പശ്ചാത്തല വികസന പദ്ധതികള്‍ ഉപേക്ഷിച്ചു. മന്ത്രിമാരും ഭരണനേതൃത്വവും വ്യവസായികളുടെയും അധികാര ദല്ലാള്‍മാരുടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെ പദവി ദുരുപയോഗം ചെയ്യുകയാണ്. ദുരിതബാധിതര്‍ക്ക് ആശ്വാസം എത്തിക്കുന്നതില്‍ പോലും യുഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടു. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും മദ്യലോബിക്കും സൗജന്യങ്ങള്‍ നല്‍കി സംഘപരിവാര്‍‍ അജണ്ടയുടെ നടത്തിപ്പുകാരായി സര്‍ക്കാര്‍ അധഃപതിക്കുകയാണെന്നും പിണറായി ആരോപിച്ചു.

അനുദിനം സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള കടുത്ത അമര്‍ഷവും അവിശ്വാസവുമാണ് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കം ലഭിച്ച നിരവധി ഇടങ്ങളില്‍ ഇക്കുറി എല്‍ഡിഎഫ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. യുഡിഎഫിലെ രണ്ട് എംഎല്‍എമാരുടെ സിറ്റിങ് സീറ്റ് അടക്കം ഏഴ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം ഡിവിഷന്‍‍, ചിറ്റൂര്‍ നഗരസഭയിലെ പരുത്തിക്കാവ് വാര്‍ഡ് എന്നിങ്ങനെ യുഡിഎഫ് എംഎല്‍എമാര്‍ ജയിച്ച ഇടങ്ങളില്‍ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം ശക്തമായി നിലയുറപ്പിച്ചു. മാനന്തവാടി, അടൂര്‍, പേരാമ്പ്ര, തൃപ്പൂണിത്തുറ, വാമനപുരം എന്നീ മണ്ഡലങ്ങളില്‍ യുഡിഎഫ് എംഎല്‍എമാര്‍ ജയിച്ചിരുന്ന വാര്‍ഡുകളില്‍ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.

കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫ് എംഎല്‍എ 2,273 വോട്ടിന് ജയിച്ച വാര്‍ഡില്‍ ഇക്കുറി ലീഡ് 436 ആയി കുറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫിന് മൂന്നു സീറ്റുകളാണ് നഷ്ടമായത്. പാലക്കാട് ജില്ലയിലെ ഏഴു സീറ്റില്‍ അഞ്ചെണ്ണത്തിലും വിജയിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. കല്ലറ ഡിവിഷനില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 5,683ല്‍ നിന്ന് 3,019 ആയി കുത്തനെ ഇടിഞ്ഞു. ബിജെപിയുടെ 4,155 വോട്ടുകള്‍ കുറഞ്ഞത് യുഡിഎഫിലേക്ക് മറിഞ്ഞതുകൊണ്ടാണ് അവര്‍ക്ക് ഈ സീറ്റ് നിലനിര്‍ത്താനായതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ അതിലൊന്ന് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ്. കോട്ടയം, പാലക്കാട് ജില്ലകളിലും രണ്ടു സീറ്റുകള്‍ വീതം യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സര്‍ക്കാരിന്റെ നയവൈകല്യങ്ങളോടുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഒലിച്ചുപോയെന്ന് പരിഹസിച്ചവര്‍ക്കും അപഹസിച്ചവര്‍ക്കും വോട്ടര്‍മാര്‍ നല്‍കിയ ചുട്ട മറുപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിസന്ധികളില്‍ തളരാതെ, ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തെ കേരളം എക്കാലവും നെഞ്ചോട് ചേര്‍ക്കുമെന്ന പ്രഖ്യാപനമാണിത്. തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ഈ വിജയം നല്‍കുന്ന ജനവിശ്വാസത്തോടെ കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷത്തിന് വലിയ ഊര്‍ജ്ജം ലഭിക്കുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts