ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി. പ്രധാനമന്ത്രി സഞ്ചരിക്കുന്ന പാതകൾ, മെട്രോ ട്രെയിൻ, പരിപാടികൾ നടക്കുന്ന വേദികൾ എന്നിവിടങ്ങളിൽ യാതൊരുവിധ സുരക്ഷാ വീഴ്ചയും ഉണ്ടാകാതിരിക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സന്ദർശനത്തിന് പത്ത് ദിവസം മുമ്പ് തന്നെ ബെംഗളൂരുവിലെത്തിയ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) സംഘം റോഡ് മാർഗ്ഗങ്ങളും മെട്രോ യാത്രാ ക്രമീകരണങ്ങളും വേദികളും സൂക്ഷ്മമായി പരിശോധിച്ചു.
ബഹുനില കെട്ടിടങ്ങളിലും അപ്പാർട്ട്മെന്റുകളിലും കർശന നിരീക്ഷണം പ്രധാനമന്ത്രി കടന്നുപോകുന്ന വഴികളിലെല്ലാം സിസിടിവി ക്യാമറകൾ സ്ഥാപിച്ച് തത്സമയ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പാതയോരങ്ങളിലെ വലിയ കെട്ടിടങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിലെ അപ്പാർട്ട്മെന്റുകളിൽ പോലീസ് പരിശോധന നടത്തുകയും, പുതിയതായി ആരെങ്കിലും താമസത്തിനെത്തിയാൽ ഉടൻ വിവരം അറിയിക്കണമെന്ന് താമസക്കാർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. റോഡുകളിൽ പ്രത്യേക പരിശോധനകൾ നടത്താനും നിരന്തര ജാഗ്രത പാലിക്കാനും ഉദ്യോഗസ്ഥർക്ക് എസ്പിജി നിർദ്ദേശം നൽകിയിട്ടുണ്ട്.
മുൻകാല സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത 2026 മെയ് 10-ന് പ്രധാനമന്ത്രി ബെംഗളൂരു സന്ദർശിച്ചപ്പോൾ യാത്രാ പാതയ്ക്ക് സമീപത്തുനിന്ന് രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. കനകപുര റോഡിലെ വഡേരഹള്ളി ഗേറ്റിന് സമീപമുള്ള ആർട്ട് ഓഫ് ലിവിംഗ് ആശ്രമത്തിലൂടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് അര മണിക്കൂർ മുമ്പാണ് പോലീസ് ഇവ കണ്ടെത്തി നിർജ്ജീവമാക്കിയത്. രാജ്യവ്യാപകമായി ചർച്ചയായ ഈ സംഭവത്തിൽ, കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിന് ബെംഗളൂരു സൗത്ത് ജില്ലയിലെ ഒരു പി.എസ്.ഐ ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും എൻ.ഐ.എ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ പത്ത് ദിവസം മുമ്പേ എസ്പിജി നഗരത്തിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തിയത്.
കമ്മീഷണറുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാറിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. മൂന്ന് ജോയിന്റ് പോലീസ് കമ്മീഷണർമാർ, 15 ഡിസിപിമാർ, 20 എസിപിമാർ, 30 ഇൻസ്പെക്ടർമാർ, നൂറിലധികം സബ്-ഇൻസ്പെക്ടർമാർ, ആയിരത്തിലധികം സിവിൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സുരക്ഷാ ചുമതലകൾക്ക് നേതൃത്വം നൽകുന്നു.
15,600 കോടിയുടെ വികസന പദ്ധതികളും മെട്രോ യാത്രയും നവംബർ 13-ന് ബെംഗളൂരുവിലെത്തുന്ന പ്രധാനമന്ത്രി പ്രശാന്തി കുതിരം സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കും. തുടർന്ന് തവരേക്കരെ മെട്രോ സ്റ്റേഷനിലെത്തുന്ന അദ്ദേഹം നമ്മ മെട്രോ പിങ്ക് ലൈൻ ഫ്ലാഗ് ഓഫ് ചെയ്യുകയും, തവരേക്കരെ മുതൽ ഐഐഎം ബെംഗളൂരു സ്റ്റേഷൻ വരെ മെട്രോ ട്രെയിനിൽ യാത്ര ചെയ്യുകയും ചെയ്യും. ബെംഗളൂരുവിൽ 15,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. സന്ദർശനത്തോടനുബന്ധിച്ച് തെക്കൻ ബെംഗളൂരുവിലെ നിരവധി റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ യാത്രക്കാർ പോലീസ് നിർദ്ദേശിച്ച ബദൽ പാതകൾ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
