ബെംഗളൂരു നഗരം ഇന്ന് കർശന നിയന്ത്രണത്തിൽ; ഈ വഴികളിലൂടെയുള്ള യാത്ര ഒഴിവാക്കണം, അറിയേണ്ടതെല്ലാം

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈൻ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (വെള്ളിയാഴ്ച, നവംബർ 13) ബെംഗളൂരുവിലെത്തുന്ന സാഹചര്യത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രാഫിക് പോലീസ് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. താവരെക്കരെ മുതൽ ഐ.ഐ.എം ബെംഗളൂരു മെട്രോ സ്റ്റേഷൻ വരെ പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്യുകയും ഫ്ലാഗ് ഓഫ് നിർവഹിക്കുകയും ചെയ്യും. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന പാതകളിലും പരിസര പ്രദേശങ്ങളിലുമാണ് ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തിയിരിക്കുന്നത്.

ആഡുഗോഡി പരിസരത്തെ നിയന്ത്രണങ്ങൾ ആഡുഗോഡി ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ആനേപ്പാളയ ജംഗ്ഷനിൽ നിന്ന് ഡയറി സർക്കിൾ വഴി ജയദേവ ആശുപത്രി ഭാഗത്തേക്കുള്ള വാഹന ഗതാഗതം പരിപാടി നടക്കുന്ന സമയത്ത് മൈക്കോബാൻഡെ ജംഗ്ഷൻ, ഡയറി സർക്കിൾ അണ്ടർപാസ് എന്നിവിടങ്ങളിൽ താൽക്കാലികമായി തടയും. ഇതിന് പകരമായി ആനേപ്പാളയ ജംഗ്ഷനിൽ നിന്ന് വരുന്ന വാഹനങ്ങൾ മൈക്കോബാൻഡെ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ന്യൂ മൈക്കോബാൻഡെ റോഡ് വഴി ആഡുഗോഡി ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് ഹൊസൂർ ലഷ്കർ മെയിൻ റോഡിലൂടെ യാത്ര തുടരേണ്ടതാണ്. കൂടാതെ ബി.ജി റോഡ് വഴി വരുന്ന വാഹനങ്ങൾക്ക് ഡയറി സർക്കിൾ സർവീസ് റോഡിലൂടെ സഞ്ചരിച്ച് ഡയറി സർക്കിൾ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഡോ. മാരിഗൗഡ റോഡ് വഴി മടിവാള ചെക്ക് പോസ്റ്റിലും ഹൊസൂർ റോഡിലും എത്തിച്ചേരാവുന്നതാണ്.

ജയനഗറിലെ ഗതാഗത ക്രമീകരണങ്ങൾ വി.വി.ഐ.പി സഞ്ചാര സമയത്ത് 28-ാം മെയിൻ റോഡിൽ നിന്ന് മാരേനഹള്ളി മെയിൻ റോഡ് വഴി ജയദേവ ആശുപത്രി ജംഗ്ഷനിലേക്കും, ഈസ്റ്റ് എൻഡ് ജംഗ്ഷനിൽ നിന്ന് സ്വാഗത് ജംഗ്ഷൻ വഴി ബന്നാർഘട്ട റോഡിലേക്കുമുള്ള വാഹന ഗതാഗതം നിയന്ത്രിക്കും. 28-ാം മെയിൻ റോഡിൽ സാധാരണ ഗതാഗതം അനുവദിക്കില്ല. ബനശങ്കരിയിൽ നിന്ന് സിൽക്ക് ബോർഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക് വി.വി.ഐ.പി വാഹനവ്യൂഹം കടന്നുപോകുന്ന സമയം ഒഴികെ റാഗിഗുഡ്ഡ ഡബിൾ ഡെക്കർ റോഡ് ഉപയോഗിക്കാവുന്നതാണ്. ഈസ്റ്റ് എൻഡ് ജംഗ്ഷനിൽ നിന്ന് സ്വാഗത് ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങൾ 28-ാം മെയിൻ റോഡ്, ഈസ്റ്റ് എൻഡ് റോഡ് എന്നിവ വഴി തിരിഞ്ഞ് സ്വാഗത് റോഡിലേക്കും ജെ.പി നഗർ ഡാൽമിയ ജംഗ്ഷനിലേക്കും പോകേണ്ടതാണ്.

ജെ.പി നഗർ മേഖലയിലെ മാറ്റങ്ങൾ ഔട്ടർ റിംഗ് റോഡിൽ 15-ാം ക്രോസ്, 24-ാം മെയിൻ റോഡ് ജംഗ്ഷൻ മുതൽ ബന്നാർഘട്ട റോഡിലെ ജെ.ഡി മാര ജംഗ്ഷൻ വരെയും, ആർ.വി ഡെന്റൽ ജംഗ്ഷൻ മുതൽ ബന്നാർഘട്ട മെയിൻ റോഡ് (9-ാം ക്രോസ് റോഡ്) വരെയും വാഹന ഗതാഗതം നിയന്ത്രിക്കും. ബി.പി.എൽ അരേക്കരെ മെയിൻ റോഡ് മുതൽ ബന്നാർഘട്ട മെയിൻ റോഡ് വരെയും നിയന്ത്രണമുണ്ടാകും. 15-ാം ക്രോസിൽ നിന്ന് ജെ.ഡി മാര വഴി ഹൊസൂർ റോഡിലേക്ക് പോകേണ്ട വാഹനങ്ങൾ കനകപുര മെയിൻ റോഡ്, ബനശങ്കരി ബസ് സ്റ്റാൻഡ്, 46-ാം ക്രോസ് റോഡ് എന്നിവ വഴി തിരിഞ്ഞുപോകണം. ബന്നാർഘട്ട റോഡിലേക്ക് പോകുന്നവർ കനകപുര മെയിൻ റോഡിലൂടെ തുടർന്ന് കോണനകുണ്ടെ ക്രോസ് അല്ലെങ്കിൽ എ2ബി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിയണം. ബി.പി.എൽ അരേക്കരെ മെയിൻ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് കോത്തനൂർ ദിന്നെ റോഡ് ഉപയോഗിക്കാവുന്നതാണ്.

തലഘട്ടപുര പരിസരത്തെ നിയന്ത്രണങ്ങൾ വി.വി.ഐ.പി സഞ്ചാര സമയത്ത് അഞ്ജനാപുര 80 ഫീറ്റ് റോഡ്, ഗൊട്ടിഗെരെ തടാകം-കർണാടക ബാങ്ക് പരിസരം, ലയോള സ്കൂളിന് മുൻവശത്തെ റോഡ് എന്നിവിടങ്ങളിൽ നിന്ന് ബന്നാർഘട്ട റോഡിലേക്കുള്ള വാഹന ഗതാഗതം പോലീസ് നിയന്ത്രിക്കും.

പാർക്കിംഗ് നിരോധിച്ച മേഖലകൾ സുരക്ഷയുടെ ഭാഗമായി ജെ.പി നഗർ രണ്ടാം ഘട്ടത്തിലെ 8-ാം മെയിൻ റോഡ്, ഡാൽമിയ ജംഗ്ഷൻ മുതൽ ബന്നാർഘട്ട മെയിൻ റോഡ് വരെയുള്ള 15-ാം ക്രോസ് റോഡ്, തിലക് നഗറിലെ മാരേനഹള്ളി മെയിൻ റോഡ്, ഈസ്റ്റ് എൻഡ് മെയിൻ റോഡ്, സ്വാഗത് മെയിൻ റോഡ്, മാരേനഹള്ളിയിലെ 28-ാം മെയിൻ റോഡ് എന്നിവിടങ്ങളിൽ വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

സുരക്ഷ ശക്തമാക്കി; ‘നോ-ഫ്ലൈ സോൺ’ പ്രഖ്യാപിച്ചു പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ പോലീസ് സുരക്ഷ അതിശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ വീഴ്ചകൾ ഒഴിവാക്കുന്നതിനായി മൂന്ന് പ്രധാന വേദികളുടെ ഒരു കിലോമീറ്റർ ചുറ്റളവ് താൽക്കാലിക ‘നോ-ഫ്ലൈ സോൺ’ (വ്യോമയാന നിരോധിത മേഖല) ആയി പ്രഖ്യാപിച്ചു. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് പുറപ്പെടുവിച്ച നിരോധനാജ്ഞ ഇന്ന് രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം നാല് മണി വരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts