ബെംഗളൂരു: യാത്ര തുകയെച്ചൊല്ലിയും വാഹനം തുടർച്ചയായി ബുക്ക് ചെയ്ത് റദ്ദാക്കിയതിനെയും ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളെ മർദിച്ച ഓട്ടോ ഡ്രൈവറെ എച്ച്.എസ്.ആർ ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പന അഗ്രഹാര സ്വദേശിയായ ചേതൻ (33) ആണ് പിടിയിലായത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. എച്ച്.എസ്.ആർ ലേഔട്ടിൽ വച്ച് ഓട്ടോ റിക്ഷാ ബുക്കിങ് മൂന്ന് തവണ റദ്ദാക്കിയതിനെച്ചൊല്ലി ചേതനും മൂന്ന് യുവതികളും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ഡ്രൈവർ യുവതികളെ കയ്യാങ്കളി നടത്തുകയും ഇതിൽ രണ്ടുപേരെ മർദിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ സംഭവം കണ്ടുനിന്ന വഴിയാത്രക്കാരെയും നാട്ടുകാരെയും ഞെട്ടിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരിലൊരാൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട എച്ച്.എസ്.ആർ ലേഔട്ട് പൊലീസ്, യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ ചേതനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
