മന്ത്രി മാൾ മെട്രോ സ്റ്റേഷൻ യാത്രക്കാർ ദിനംപ്രതി കടന്നുപോകുന്നത് മരണമുനമ്പിലൂടെ

ബെംഗളൂരു (നവംബർ 10): മല്ലേശ്വരത്തെ മന്ത്രി മാൾ മെട്രോ സ്റ്റേഷന് സമീപം നിർമാണം സ്തംഭിച്ച അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ അപകട ഭീഷണിയുയർത്തുന്നത് യാത്രക്കാരെ കടുത്ത ആശങ്കയിലാക്കുന്നു. സ്റ്റേഷനോട് ചേർന്ന് നിലച്ച രണ്ടു വൻകിട അപ്പാർട്ട്മെന്റ് പദ്ധതികളിൽ നിന്നുള്ള ഇരുമ്പ് കമ്പികളും ഇഷ്ടികകളും നിർമ്മാണ സാമഗ്രികളുമാണ് നിലംപൊത്തി നടപ്പാതയിലേക്ക് വീഴുന്നത്.

വർഷങ്ങളായി പണി മുടങ്ങി കിടക്കുന്ന കെട്ടിടങ്ങളിലെ ഇരുമ്പ് ഷീറ്റുകളും കമ്പികളും തുരുമ്പെടുത്ത നിലയിലാണ്.പലതവണ കല്ലുകളും ഇരുമ്പ് കഷണങ്ങളും സ്റ്റേഷന്റെ നടപ്പാതയിലേക്ക് പതിച്ചിട്ടുണ്ടെങ്കിലും വലിയ അപകടങ്ങളൊന്നും ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് അപകടകരമായ ഈ സാഹചര്യത്തിലൂടെ മെട്രോ സ്റ്റേഷനിലേക്ക് വരികയും പോകുകയും ചെയ്യുന്നത്.

വിഷയത്തിൽ മല്ലേശ്വരം മെട്രോ സ്റ്റേഷൻ അധികൃതരും പോലീസും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൃത്യമായി പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ പരിഹാര നടപടികളൊന്നും ഉണ്ടായിട്ടില്ല. ഏതു നിമിഷവും വലിയൊരു ദുരന്തത്തിന് സാധ്യതയുള്ളതിനാൽ സമുച്ചയം നിൽക്കുന്ന ഭാഗത്ത് സുരക്ഷ ഉറപ്പാക്കാനും നിർമ്മാണ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും എത്രയും വേഗം അധികാരികൾ ഇടപെടണമെന്നാണ് യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts