കുടിശികയെത്തുടർന്ന് ഇന്റർനെറ്റ് വിച്ഛേദിച്ചതിനെ തുടർന്ന് പ്രവർത്തനരഹിതമായിരുന്ന കൊച്ചിയിലെ ആർ.ടി.ഒ റോഡ് ക്യാമറകൾ വീണ്ടും ദൃശ്യങ്ങൾ അയച്ചുതുടങ്ങി. ഇന്റർനെറ്റ് കണക്ഷൻ പുനഃസ്ഥാപിച്ചതോടെ, കഴിഞ്ഞ രണ്ടാഴ്ചയായി കെട്ടിക്കിടന്നിരുന്ന ഗതാഗത നിയമലംഘന ദൃശ്യങ്ങൾ കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ക്യാമറകളുടെ ചുമതലയുള്ള കെൽട്രോൺ ടെലികോം കമ്പനിക്ക് കുടിശിക നൽകാനുണ്ടായിരുന്നതിനെ തുടർന്ന് കഴിഞ്ഞ മാസം 29-ാം തീയതിയാണ് ജിയോ കമ്പനി കണക്ഷൻ വിച്ഛേദിച്ചത്.
സർക്കാരിൽ നിന്ന് തുക ലഭിക്കാൻ വൈകിയ സാഹചര്യത്തിൽ കെൽട്രോൺ സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്തി കുടിശിക തീർത്തതോടെയാണ് ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചത്. കണക്ഷൻ വിച്ഛേദിക്കപ്പെട്ടിരുന്ന സമയത്തും ക്യാമറകൾ ദൃശ്യങ്ങൾ പകർത്തുന്നുണ്ടായിരുന്നു. ജില്ലയിലെ വിവിധ റോഡുകളിലായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 63 ക്യാമറകളിൽ തകരാറിലായ 11 എണ്ണം കഴിച്ച് ബാക്കി 52 ക്യാമറകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇരുപതിനായിരത്തോളം നിയമലംഘന ദൃശ്യങ്ങളാണ് ക്യാമറകളിൽ ശേഖരിക്കപ്പെട്ടിട്ടുള്ളത്. ഇന്റർനെറ്റ് ലഭ്യമായതോടെ ഇവയെല്ലാം കൺട്രോൾ റൂമിലേക്ക് ഡൗൺലോഡ് ചെയ്ത് വരികയാണ്. ജില്ലയിൽ പ്രതിമാസം ശരാശരി 35,000 മുതൽ 40,000 വരെ നിയമലംഘനങ്ങളാണ് ക്യാമറകൾ വഴി കണ്ടെത്തുന്നത്. ഇതുവരെ ക്യാമറകൾ വഴി കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് മൊത്തം 80.50 കോടി രൂപ പിഴ ചുമത്തിയതിൽ 30 കോടിയോളം രൂപ പിരിഞ്ഞു കിട്ടിയിട്ടുണ്ട്. കെൽട്രോണിന്റെ 10 ജീവനക്കാരാണ് നിലവിൽ കൺട്രോൾ റൂമിൽ ഈ ദൃശ്യങ്ങൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]