മലയാളി കുടുംബം ആക്രമിക്കപ്പെട്ട സംഭവം; പ്രതികളിൽ ഒരാൾ അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന മലയാളി കുടുംബം നടുറോഡില്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ.

കസവനഹള്ളിയില്‍ ചൂഢസാന്ദ്രയില്‍ താമസിക്കുന്ന കോട്ടയം പാലാ കിടങ്ങൂർ സ്വദേശി അനൂപും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്.

ആക്രമണത്തില്‍ അനൂപിന്റെ അഞ്ചുവയസ്സുകാരനായ മകൻ സ്റ്റിവിന് പരിക്കേറ്റു.

അമൃത കോളജിന് സമീപം ബുധനാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം.

പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇലക്‌ട്രോണിക് സിറ്റിയില്‍ ഐ.ടി കമ്പനി ജീവനക്കാരനായ അനൂപും ഔട്ടർ റിങ് റോഡിലെ ഐ.ടി കമ്പനി ജീവനക്കാരിയായ ഭാര്യ ജിസും മക്കള്‍ സെലസ്റ്റെ (11), മകൻ സ്റ്റിവ് (അഞ്ച്) എന്നിവരുമായി ഷോപ്പിങ് നടത്തി മടങ്ങവെ താമസസ്ഥലത്തിന് രണ്ടു കിലോമീറ്റർ അകലെയാണ് അക്രമം അരങ്ങേറിയത്.

ചൂഢസാന്ദ്രയിലെ മെയിൻ റോഡില്‍നിന്ന് രണ്ടു കിലോമീറ്റർ പഞ്ചായത്ത് റോഡിലേക്ക് തിരിഞ്ഞപ്പോള്‍ ബൈക്കില്‍ പിന്നാലെയെത്തിയ രണ്ടുപേർ മുന്നിലുണ്ടായിരുന്ന ബലേനോ കാർ തടഞ്ഞുനിർത്തി വിൻഡോ താഴ്ത്താൻ ആവശ്യപ്പെട്ടു.

എന്നാല്‍, ഡ്രൈവർ തയാറായില്ല. അക്രമികള്‍ കല്ലെടുക്കാൻ കുനിഞ്ഞപ്പോള്‍ ബലേനോ കാർ അതിവേഗം ഓടിച്ചു രക്ഷപ്പെട്ടു.

ഇതോടെ കല്ലുമായി അക്രമികള്‍ പിന്നിലുണ്ടായിരുന്ന അനൂപിന്റെ കാറിനു നേരെ വന്നു.

ഇതോടെ അപകടം മണത്ത അനൂപ് ഭാര്യയോട് മൊബൈല്‍ ഫോണില്‍ വിഡിയോ പകർത്താൻ നിർദേശിച്ചു.

അക്രമികള്‍ ഡ്രൈവർ സീറ്റിനരികിലെത്തി വിൻഡോ താഴ്ത്താൻ ആവശ്യപ്പെട്ടു.

പരിഭ്രാന്തരായ കുടുംബം കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചതോടെ അക്രമികളിലൊരാള്‍ കൈയിലുണ്ടായിരുന്ന കല്ല് ഗ്ലാസിലെറിയുകയായിരുന്നു.

ഗ്ലാസ് കഷണങ്ങള്‍ തലയിലും ദേഹത്തും തറച്ചാണ് കുഞ്ഞിന് പരിക്കേറ്റത്.

കസവനഹള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്റ്റീവിന് തലയില്‍ മൂന്ന് തുന്നലുണ്ട്.

സംഭവസ്ഥലത്ത് വെളിച്ചമുണ്ടായിരുന്നെന്നും അക്രമം നടക്കുമ്പോള്‍ സമീപത്തെ കടയിലുള്ളവരടക്കം നാട്ടുകാർ നോക്കിനില്‍ക്കുകയായിരുന്നെന്നും അനൂപ് പറഞ്ഞു.

വിവരമറിയിച്ചതിനെ തുടർന്ന് പരപ്പന അഗ്രഹാര പോലീസ് സംഭവസ്ഥലത്തെത്തി.

അനൂപിന്റെയും ഭാര്യ ജിസിന്റെയും പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തു.

ഒളിവില്‍ പോയ രണ്ടാമനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us