ന്യൂഡൽഹി: ബഹിഷ്കരണ വിവാദം കത്തുന്നതിനിടെ 65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണം ഡൽഹിയിൽ പൂർത്തിയായി. ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിലെ രാഷ്ട്രപതിയുടെ വിവേചനത്തിൽ ശക്തമായി പ്രതിഷേധിച്ചത് മലയാളത്തിൽനിന്നുള്ള സിനിമാ പ്രവർത്തകർ. ഫഹദ് ഫാസിൽ, പാർവതി, ദിലീഷ് പോത്തൻ, സജീവ് പാഴൂർ തുടങ്ങി മലയാളത്തിലെ സിനിമാ പ്രവർത്തകരിൽ ഭൂരിപക്ഷം പേരും ചടങ്ങ് ബഹിഷ്കരിച്ചു. ജയരാജ്, യേശുദാസ്, നിഖിൽ എസ്. പ്രവീണ് എന്നിവർ മാത്രമാണ് പുരസ്കാരം സ്വീകരിച്ചത്. ആകെ 68 പുരസ്കാര ജേതാക്കളാണ് ചടങ്ങു ബഹിഷ്കരിച്ചത്.
ചടങ്ങ് ആരംഭിക്കുന്നതിനു മുന്പുതന്നെ ഡൽഹി വിട്ടാണ് ഫഹദ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. പുരസ്കാരദാനച്ചടങ്ങ് മാത്രമാണ് ബഹിഷ്ക്കരിക്കുന്നതെന്നും പുരസ്കാരം സ്വീകരിക്കുമെന്നും നിർമാതാവ് സന്ദീപ് സേനൻ പറഞ്ഞു. പ്രതിഷേധ മെമ്മോറാണ്ടത്തിൽ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നതായി പറഞ്ഞ നടി പാർവതി, പിന്നീട് അവർ ചടങ്ങിൽ പങ്കെടുത്തതിനെക്കുറിച്ച് അവർക്കേ അറിയൂ എന്നും തുറന്നുപറഞ്ഞു. വൈകിട്ട് സ്മൃതി ഇറാനി ഒരുക്കുന്ന അത്താഴവിരുന്നിൽനിന്ന് പ്രതിഷേധിച്ച കലാകാരൻമാർ വിട്ടുനിൽക്കുമെന്നാണു സൂചന.
പുരസ്കാര വിതരണ ചടങ്ങിൽ പങ്കെടുക്കാത്തവരുടെ പേരെഴുതിയ കസേരകൾ ഒഴിവാക്കിയാണ് ചടങ്ങ് ആരംഭിച്ചത്. പ്രധാനപ്പെട്ട പുരസ്കാരങ്ങൾ രാഷ്ട്രപതിയും മറ്റ് പുരസക്കാരങ്ങൾ വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയും സഹമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡും ചേർന്ന് നൽകി.
പതിനൊന്ന് പേർക്കൊഴികെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നേരിട്ടു പുരസ്കാരം നൽകില്ലെന്ന തീരുമാനമാണ് വിവാദമായത്. രാഷ്ട്രപതി പുരസ്കാരം നൽകുന്ന പതിവാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ 11 പുരസ്കാരങ്ങൾ മാത്രം രാഷ്ട്രപതി നൽകുകയും ബാക്കി മന്ത്രി സ്മൃതി ഇറാനി നൽകുമെന്നും സർക്കാർ അറിയിച്ചു. ഇതോടെ മലയാളത്തിലെ കലാകാരൻമാരുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നു. രാഷ്ട്രപതി നേരിട്ട് നൽകിയില്ലെങ്കിൽ വിട്ടുനിൽക്കുമെന്ന് കാട്ടി അവാർഡ് ജേതാക്കൾ രാഷ്ട്രപതിയുടെ ഓഫീസിനും സർക്കാരിനും കത്ത് നൽകിയെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമായതോടെയാണ് ചടങ്ങിൽനിന്നു വിട്ടുനിൽക്കാൻ ദേശീയ പുരസ്കാര ജേതാക്കൾ തീരുമാനിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.