നഗരത്തിൽ പച്ചക്കറിവില കുതിച്ചുയരുന്നു

ബെംഗളൂരു : ബെംഗളൂരുവിൽ പച്ചക്കറിവില വീണ്ടും കുതിക്കുന്നു. ഒരുകിലോ തക്കാളിയുടെ വില നൂറുരൂപയ്ക്ക് മുകളിലെത്തി.

ബീൻസിന് 220 രൂപവരെയെത്തി. വഴുതനയ്ക്ക് 100 രൂപയും സവാളയ്ക്ക് 58 രൂപയും ഉരുളക്കിഴങ്ങിന് 56 രൂപയുമാണ് വില. കാരറ്റിന് 60 രൂപയും ബീറ്റ്‌റൂട്ടിന് 52 രൂപയുമായി.

നിത്യോപയോഗസാധനങ്ങൾക്ക് ഉയർന്നവിലയീടാക്കുന്ന ബെംഗളൂരുവിൽ പച്ചക്കറിയുടെ വിലകൂടി ഉയർന്നതോടെ ജീവിതച്ചെലവ് താളംതെറ്റുന്നതായി.

കർണാടകത്തിലെ പച്ചക്കറി ഉത്പാദനമേഖലകളിൽ അടുത്തിടെയുണ്ടായ കനത്തമഴയിൽ പച്ചക്കറികൾ വേണ്ടരീതിയിൽ വിളവെടുക്കാൻകഴിയാതിരുന്നതാണ് വിലകൂടാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു.

കോലാർ, ചിക്കമഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ബെംഗളൂരുവിലേക്ക് പച്ചക്കറികളെത്തുന്നത്. വേനലിലെ കടുത്ത വരൾച്ചയിൽ വേണ്ടരീതിയിൽ വിളവുണ്ടാക്കാനായിരുന്നില്ല.

അന്നും വില കുതിച്ചുയർന്നിരുന്നു. വരൾച്ച പിൻവാങ്ങി മഴയെത്തിയപ്പോഴും സാധാരണവിലയ്ക്ക് പച്ചക്കറിവാങ്ങാൻ നഗരവാസികൾക്ക് സാധിക്കാത്ത സ്ഥിതിയാണ്.

സംസ്ഥാന സർക്കാർ അടുത്തിടെ നികുതി വർധിപ്പിച്ചതോടെ പെട്രോളിനും ഡീസലിനും വിലകൂടിയിരുന്നു.

ഇതിന്റെ പ്രതിഫലനംകൂടി വരുന്നതോടെ പച്ചക്കറിവില ഇനിയും കൂടാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു. കടത്തുചെലവിൽവരുന്ന വർധന സാധനങ്ങളുടെവിലയിൽ പ്രതിഫലിക്കും.

മറ്റു നിത്യോപയോഗസാധനങ്ങൾക്കും വിലക്കയറ്റമുണ്ടായേക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. മത്സ്യത്തിനും ഇറച്ചിക്കുമെല്ലാം അടുത്തിടെ വില കുതിച്ചുയരുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us