ബെംഗളൂരു: കർണാടകയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ കനത്ത മഴയിൽ 12 പേർ മരിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. അടുത്ത മൂന്നോ നാലോ ദിവസം കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ, മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.
മഴക്കെടുതി ബാധിത ജില്ലകളിലെ 13 ഡെപ്യൂട്ടി കമ്മീഷണർമാരുമായും (ഡിസിമാർ) ജില്ലാ ചുമതലയുള്ള മന്ത്രിമാരുമായും ഉൾപ്പെടുത്തി വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി വെള്ളിയാഴ്ച ചർച്ച നടത്തി. കഴിഞ്ഞ മൂന്നോ നാലോ ദിവസമായി സംസ്ഥാനത്ത് പലയിടത്തും സാധാരണയിൽ കവിഞ്ഞ മഴയാണ് രേഖപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ സ്ഥലങ്ങളിൽ വിളകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും പുറമെ മനുഷ്യരുടെയും ജീവജാലങ്ങളുടെയും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 13 ജില്ലകളിലെ 17 താലൂക്കുകളെയാണ് നാശനഷ്ടം ബാധിച്ചിട്ടുള്ളത് ആഗേ 12 ആളുകളും 65 മൃഗങ്ങളും മരിച്ചതായും അദ്ദേഹം പറഞ്ഞു.
അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി ദുരിതബാധിത പ്രദേശങ്ങളിലെ ഗതാഗതവും ആശയവിനിമയവും പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഉരുൾപൊട്ടൽ ഉണ്ടായിടത്തെല്ലാം റോഡ് വൃത്തിയാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുകയും സമീപ സ്ഥലങ്ങളിൽ താമസിക്കുന്നവരെ അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും വേണമെന്നും ഇതിനായി ഒരു ടാസ്‌ക് ഫോഴ്‌സ് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ 10,000 രൂപ അടിയന്തരമായി നൽകുമെന്ന് മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. ജില്ലാപഞ്ചായത്ത് എൻജിനീയർമാർ വീടുകൾ പരിശോധിച്ച് നാശനഷ്ടം വിലയിരുത്തി എ, ബി, സി വിഭാഗങ്ങളായി തരംതിരിച്ചിട്ടുള്ള നാശനഷ്ടത്തിന്റെ തോത് അനുസരിച്ച് നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.