ബെംഗളൂരു : ഡീസൽ വിലവർധനയ്ക്കെതിരേ കർണാടകത്തിൽ ഏപ്രിൽ 15 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ലോറി ഉടമകൾ.
കർണാടക സംസ്ഥാന ലോറി ഓണേഴ്‌സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. ഏപ്രിൽ 15-ന് രാവിലെ ആറുമണിക്ക് ആരംഭിക്കുന്ന സമരം സംഘടനയുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുംവരെ തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ശനിയാഴ്ച ബെംഗളൂരുവിൽ ചേർന്ന സംഘടനയുടെ യോഗമാണ് തീരുമാനമെടുത്തത്. വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന ചരക്കുവാഹനങ്ങളുടെ ഓട്ടം നിർത്തിവെക്കാൻ ഇതോടെ സാധ്യതതെളിഞ്ഞു.
സംസ്ഥാനത്ത് ആറുലക്ഷം ലോറികളുൾപ്പെടെ ഒൻപതുലക്ഷം ചരക്കുവാഹനങ്ങൾ വാണിജ്യസർവീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്.
ഇവയുടെ സർവീസ് നിലച്ചാൽ സംസ്ഥാനത്ത് ചരക്കുനീക്കം പ്രതിസന്ധിയിലാകും. ഡീസൽവിലയിൽ ലിറ്ററിന് രണ്ടുരൂപയാണ് സർക്കാർ വർധിപ്പിച്ചത്. ഇതോടെ ഡീസൽവില ലിറ്ററിന് 91.02 രൂപയായി.
ഡീസലിന്റെ വിൽപ്പനനികുതി 18.44 ശതമാനത്തിൽനിന്ന് 21.17 ശതമാനമായി വർധിപ്പിച്ചതോടെ ഏപ്രിൽ ഒന്നിനാണ് വിലവർധന നിലവിൽവന്നത്.
അതേസമയം, വിലവർധനയ്ക്കുശേഷവും കേരളമുൾപ്പെടെ അയൽസംസ്ഥാനത്തേതിനെക്കാൾ ഡീസൽവില കുറവാണ് കർണാടകത്തിൽ. കേരളത്തിൽ ലിറ്ററിന് 95.66 രൂപയാണ് വില.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.