ബെംഗളൂരു : മാണ്ഡ്യ മലവള്ളി താലൂക്കിലെ സ്കൂൾ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഒരു വിദ്യാർഥി മരിച്ചു. അസ്വാസ്ഥ്യം അനുഭവപ്പെട്ട 29 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടി കഗേപുര ഗ്രാമത്തിലെ സ്കൂൾ ഹോസ്റ്റലിലാണ് സംഭവം. മേഘാലയയിൽ നിന്നുള്ള കെർകാങ് (13) ആണ് മരിച്ചത്. വെള്ളിയാഴ്ച മലവള്ളിയിൽ ഹോളി ആഘോഷത്തിനായി ഭക്ഷണം ഒരുക്കിയത് ഗ്രാമത്തിലുള്ള ഒരു വ്യവസായിയായിരുന്നു. ബാക്കിയായ ഭക്ഷണം സ്കൂളിലെ ഹോസ്റ്റലിലും നൽകി. 30 വിദ്യാർഥികളിൽ 24 പേർ മേഘാലയയിൽനിന്നും നേപ്പാളിൽനിന്നുമുള്ള അനാഥ വിദ്യാർഥികളായിരുന്നു. ശനിയാഴ്ച രാവിലെ ഭക്ഷണംകഴിച്ച ചില വിദ്യാർഥികൾക്ക് ഛർദിയും വയറുവേദനയും അനുഭവപ്പെട്ടു. ഇവർക്ക് അടുത്തുള്ള തലഗവാടി ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സനൽകി.
ഞായറാഴ്ച രാവിലെ നില ഗുരുതരമായതിനെത്തുടർന്ന് അവരെ ഉടൻ മലവള്ളിയിലെ ടൗൺ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ചാണ് ഒരു വിദ്യാർഥി മരിച്ചത്. ജില്ലാ ആരോഗ്യ ഓഫീസർ ഡോ. മോഹൻ, തഹസിൽദാർ എസ്വി ലോകേഷ് എന്നിവർ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഗുരുതരാവസ്ഥയിലുള്ള പത്തിലധികം വിദ്യാർഥികളെ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.
ഹോളി ആഘോഷങ്ങളിൽ പങ്കെടുത്ത് ഭക്ഷണംകഴിച്ച ചിലർക്കും അസുഖം ബാധിച്ചു. ഇവർ മൈസൂരുവിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. റൂറൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.