ബെംഗളൂരു : ബെംഗളൂരുവിൽ ബിഎംടിസി, നമ്മ മെട്രോ എന്നിവയ്ക്കു പിന്നാലെ ഓട്ടോറിക്ഷകളിലും നിരക്ക് ഉയർത്തുന്നതോടെ യാത്രച്ചെലവ് ഇനിയും ഉയരും.
ഓട്ടോറിക്ഷാനിരക്ക് വർധിപ്പിക്കാനുള്ള നടപടികൾ നടന്നുവരുകയാണ്. മിനിമം നിരക്ക് (ആദ്യത്തെ രണ്ടുകിലോമീറ്റർ) 30 രൂപയിൽനിന്ന് 40 രൂപയാക്കണമെന്നും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയിൽനിന്ന് 20 രൂപയാക്കണമെന്നുമാണ് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ആവശ്യം.
ഇതുസംബന്ധിച്ച് ചർച്ചചെയ്യാൻ ബെംഗളൂരു ഈസ്റ്റ് ട്രാഫിക് ഡിസിപി സഹിൽ ബാഗ്‌ലയുടെ നേതൃത്വത്തിൽ ബുധനാഴ്ച യോഗം ചേർന്നു. ആർടിഒമാരായ കെ.എസ്. സൗന്ദര്യ, എസ്. മല്ലേഷ്, 15 ഓട്ടോഡ്രൈവേഴ്‌സ് യൂണിയനുകളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
യൂണിയൻ പ്രതിനിധികൾ തങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ടുവെച്ചു. ആവശ്യങ്ങൾ എഴുതിസമർപ്പിക്കാൻ യൂണിയൻ പ്രതിനിധികൾക്ക് ഒരാഴ്ച സമയം നൽകിയതായി ഡിസിപി പറഞ്ഞു.
നിരക്കുവർധന സംബന്ധിച്ച് സബ് കമ്മിറ്റിയും വിലയിരുത്തുന്നുണ്ട്. അന്തിമ റിപ്പോർട്ട് ഡെപ്യൂട്ടി കമ്മിഷണർക്ക് സമർപ്പിക്കുമെന്നും അദ്ദേഹം അന്തിമതീരുമാനമെടുക്കുമെന്നും ഡിസിപി അറിയിച്ചു.
അടുത്തിടെ നമ്മ മെട്രോയിലും ബിഎംടിസി ബസുകളിലും നിരക്ക് വർധിപ്പിച്ചതിന്റെ ക്ഷീണം മാറുന്നതിനു മുൻപാണ് നഗരവാസികൾക്ക് ഇരുട്ടടിയായി ഓട്ടോനിരക്കും വർധിപ്പിക്കുന്നത്.