ബെംഗളൂരു : മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്കും മന്ത്രി ബൈരതി സുരേഷിനും ഇ.ഡി. അയച്ച സമൻസ് ഹൈക്കോടതി റദ്ദാക്കി. പാർവതിയും ബൈരതി സുരേഷും സമർപ്പിച്ച ഹർജി അനുവദിച്ച് ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഉത്തരവിട്ടത്.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസാണ് ഇ.ഡി. അന്വേഷിക്കുന്നത്. ഇതിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി. സമൻസ് അയച്ചത്. സമൻസിലെ നടപടികൾ കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. സമൻസ് തള്ളിക്കളഞ്ഞത് കേസിലെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യക്ക് ആശ്വാസത്തിന് വകനൽകുന്നതായി. മുൻ മുഡ കമ്മിഷണർ ഡി.ബി. നാഗേഷിന് ഇ.ഡി. അയച്ച സമൻസ് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് നേരത്തേ തള്ളിയിരുന്നു.
ഇക്കാര്യം പരാതിക്കാരുടെ അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ലോകായുക്ത അന്വേഷിക്കുന്ന മുഡ കേസിൽ താൻ പ്രതിയല്ലെന്ന് ബൈരതി സുരേഷും ബോധിപ്പിച്ചു. ലോകായുക്ത കേസിനെ അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പേരിൽ ഇ.ഡി. കേസ് രജിസ്റ്റർചെയ്തത്.