ദിവസങ്ങള്‍ക്കു ശേഷം നഗരത്തിൽ വീണ്ടും മഴ

ബെംഗളൂരു: മഴ മാറി ആകാശം തെളിഞ്ഞ ദിവസങ്ങള്‍ക്കു ശേഷം വീണ്ടും മഴയെത്തി.

ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ബെംഗളൂരു വീണ്ടും കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചത്.

മഴ കനത്തതോടെ സ്ഥിരം ദുരിതത്തിലേക്ക് ബെംഗളൂരു വീണ്ടുമെത്തി. ഗതാഗതക്കുരുക്ക്, റോഡിലെ വെള്ളക്കെട്ട് എന്നിവയില്‍ ബെംഗളൂരു നിവാസികള്‍ വലഞ്ഞു.

ദീപാവലിയുടെയും കർണ്ണാടക രാജ്യോത്സവിന്‍റെയും നീണ്ട വാരാന്ത്യത്തിരക്കിലായിരുന്ന നഗരം വീണ്ടും കുരുക്കിലായി.

ഇന്നലെ പെയ്ത മഴയില്‍ നഗരത്തിന്‍റെ പലഭാഗങ്ങളും വെള്ളത്തിലായി. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെയും ബാധിച്ചു. പലയിടങ്ങളിലും ട്രാഫിക് മന്ദഗതിയിലായി.

വീരസാന്ദ്രയ്ക്കും ഇലക്‌ട്രോണിക്‌സ് സിറ്റി ഫ്‌ളൈഓവറിനുമിടയില്‍ ഏകദേശം 3 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗത്ത് മഴവെള്ളം കാരിയേജ്‌വേയില്‍ കെട്ടിക്കിടന്നുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

ഹൊസൂർ റോഡ്, വീരസാന്ദ്ര, ഇലക്‌ട്രോണിക്‌സ് സിറ്റി ഉള്‍പ്പെടെയുള്ള പ്രധാന റൂട്ടുകളിലാണ് വെള്ളക്കെട്ട് പ്രശ്നം സൃഷ്ടിച്ചത്.

സില്‍ക്ക് ബോർഡ്, കനകപുര റോഡിലെ കഗ്ഗലിപുര ജംക്‌ഷൻ, സുമ്മനഹള്ളി, ഗോരഗുണ്ടേപാളയ, പഴയ മദ്രാസ് റോഡ്, കുമ്പളഗോഡു (കെങ്കേരിക്ക് സമീപം മൈസൂരു റോഡില്‍ അവസാനിക്കുന്ന നൈസ് റോഡ്) തുടങ്ങിയ സ്ഥലങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

കൂടാതെ, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡില്‍ ബഗലൂർ ക്രോസ്, യെലഹങ്കയ്ക്ക് സമീപമുള്ള കോഗിലു ക്രോസ് തുടങ്ങിയ ഇടങ്ങളില്‍ വെള്ളക്കെട്ട് കാരണം നീണ്ട ഗതാഗതക്കുരുക്കുണ്ടായി.

കെംപെ ഗൗഡ റോഡ്, ടൗണ്‍ ഹാളിന് സമീപമുള്ള ജെസി റോഡ്, കോട്ടണ്‍പേട്ട് മെയിൻ റോഡ് തുടങ്ങി നിരവധി റോഡുകളിലും തിരക്ക് അനുഭവപ്പെട്ടു. കൂടാതെ റെയില്‍വേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കു പോകുവാൻ ആളുകള്‍ ക്യാബുകളും സ്വകാര്യ വാഹനങ്ങളും തിരഞ്ഞെടുത്തത് ട്രാഫിക് കൂട്ടി.

ബാംഗ്ലൂരില്‍ നിന്ന് വിവിധ നഗരങ്ങളിലേക്കും കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രധാന സ്ഥലങ്ങളിലേക്കും ദീപാവലി സ്പെഷ്യല്‍ സർവീസുകള്‍ നടത്തുന്നതിനാല്‍ ബസ് സ്റ്റാൻഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു.

വൈകുന്നേരമാണ് ഗതഗതക്കുരുക്ക് ഏറ്റവും രൂക്ഷമായത്. ഔട്ടർ റിംഗ് റോഡ്, എച്ച്‌എംടി മെയിൻ റോഡ്, ഹെസറഘട്ട റോഡ്,പീനിയ മേല്‍പ്പാലത്തിലും തുംകുരു റോഡിലും എന്നിവയുള്‍പ്പെടെയുള്ള‌റൂട്ടുകളില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us