ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻലൈനിൽ നാഗസന്ദ്രയിൽനിന്ന് മാധവാരയിലേക്ക് പുതുതായി നിർമിച്ച മെട്രോ പാതയിൽ ട്രെയിനുകളുടെ വാണിജ്യസർവീസിന് അനുമതിയായി.
മെട്രോ റെയിൽസുരക്ഷാ കമ്മിഷണറുടെ പരിശോധന പൂർത്തിയായതിനെത്തുടർന്നാണ് അനുമതി ലഭിച്ചതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു.
ഇതോടെ പാതയിൽ വാണിജ്യസർവീസ് ഉടൻ തുടങ്ങും. ഇതിന്റെ തീയതി ബി.എം.ആർ.സി.എൽ. പ്രഖ്യാപിച്ചിട്ടില്ല. വ്യാഴാഴ്ചയാണ് സുരക്ഷാപരിശോധന പൂർത്തിയായത്.
ട്രെയിനുകളുടെ പരീക്ഷണ ഓട്ടം കഴിഞ്ഞമാസം നടത്തിയിരുന്നു. ഗ്രീൻലൈനിലെ അവസാനസ്റ്റേഷനായ നാഗസന്ദ്രയിൽനിന്ന് മാധവാരയിലേക്ക് 3.7 കിലോമീറ്റർ പാതയാണ് മെട്രോ സർവീസിനൊരുങ്ങിയത്.
വിവിധഭാഗങ്ങളെ തുമകൂരു റോഡിലുള്ള ഇന്റർനാഷണൽ എക്സിബിഷൻ സെന്ററുമായി (ബി.ഐ.ഇ.സി.) ബന്ധിപ്പിക്കുന്നതാണ് പുതിയ പാത.
ഇനി ബി.ഐ.ഇ.സി.യിൽ എത്തിച്ചേരാൻ എളുപ്പമാകും. 298 കോടിരൂപ ചെലവിലാണ് പാതയുടെ നിർമാണം പൂർത്തിയാക്കിയത്. ഇതോടെ നമ്മ മെട്രോയുടെ ആകെ ദൈർഘ്യം 76 കിലോമീറ്ററാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.