ബെംഗളൂരു : കർണാടകത്തിൽ ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യസർക്കാർ വീണ്ടും അധികാരത്തിലെത്താനായി ബി.ജെ.പി. നേതാക്കൾക്കൊപ്പം പ്രവർത്തിക്കുമെന്ന് കേന്ദ്രമന്ത്രിയും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ഇനിയൊരിക്കലും കോൺഗ്രസിലേക്ക് പോകില്ല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൈസൂരു അർബൻ വികസന അതോറിറ്റിയുടെ വിവാദഭൂമിയിടപാട് മുൻനിർത്തി സിദ്ധരാമയ്യ സർക്കാരിനെതിരേ ബി.ജെ.പി.യും ജെ.ഡി.എസും ചേർന്നുനടത്തുന്ന ‘മൈസൂരു ചലോ’ പദയാത്രയുടെ രണ്ടാംദിവസത്തെ യാത്രയിൽ സംസാരിക്കുകയായിരുന്നു കുമാരസ്വാമി.
ഇരുപാർട്ടികളും ഒരുമിച്ചുമുന്നേറണമെന്ന് ആഹ്വാനംചെയ്ത കുമാരസ്വാമി, മുഖ്യമന്ത്രിയാരാകുമെന്നത് പ്രധാനകാര്യമല്ലെന്നും പറഞ്ഞു. ജനപക്ഷത്തുനിൽക്കുന്ന സർക്കാരാണുണ്ടാകേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അത്തരമൊരു സർക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് ആവശ്യമെന്നും പറഞ്ഞു.2006-ലാണ് ബി.ജെ.പി.യുമായി ചേർന്ന് ജെ.ഡി.എസ്. സഖ്യസർക്കാരുണ്ടാക്കിയത്.
2004-ൽ ധരംസിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ചായിരുന്നു ഇത്.
20 മാസത്തെ ആയുസ്സാണ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യസർക്കാരിനുണ്ടായത്.
മുൻനിശ്ചയപ്രകാരം മുഖ്യമന്ത്രിസ്ഥാനം ബി.ജെ.പി.ക്ക് കൈമാറാൻ കുമാരസ്വാമി വിസമ്മതിച്ചതോടെയാണ് സർക്കാർ തകർന്നത്.
പിന്നീട് 2018-ൽ കോൺഗ്രസുമായി ചേർന്നും ജെ.ഡി.എസ്. സഖ്യസർക്കാരുണ്ടാക്കി. 14 മാസത്തെ ആയുസ്സുമാത്രമുള്ള ഈ സർക്കാർ ബി.ജെ.പി.യുടെ ‘ഓപ്പറേഷൻ താമര’യിലൂടെയാണ് നിലംപതിച്ചത്.
ബിഡദി ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാരംഭിച്ച പദയാത്ര രാമനഗരയിൽ സമാപിച്ചു. പ്രതിപക്ഷനേതാവ് ആർ. അശോക, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, കൗൺസിൽ പ്രതിപക്ഷനേതാവ് ചാലുവാധി നാരായണസ്വാമി, മുൻ ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായൺ തുടങ്ങിയവർ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.