ഹൊസൂരിനു സമീപം അന്താരാഷ്ട്ര വിമാനത്താവളം: ബെംഗളൂരുവിലെ ടെക് ഹബ്ബായ ഇലക്‌ട്രോണിക്‌സ് സിറ്റിക്കും സമീപ പ്രദേശങ്ങൾക്കും

ബെoഗളൂരു : കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനു സമീപം അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം ടെക് ഹബ്ബായ ഇലക്‌ട്രോണിക്‌ സിറ്റി ഉൾപ്പെടുന്ന തെക്കൻ ബെംഗളൂരുവിനും പ്രയോജനമാകും.

2,000 ഏക്കർ സ്ഥലത്താണ് വിമാനത്താവളം നിർമിക്കാൻ തമിഴ്‌നാട് തീരുമാനിച്ചിട്ടുള്ളത്. കൃത്യമായ സ്ഥലം നിശ്ചയിച്ചിട്ടില്ലെങ്കിലും ഹൊസൂരിനോടുചേർന്ന പ്രദേശങ്ങളിലാകുമെന്നാണ് സൂചന.

കർണാടകത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തിയായതിനാൽ ബെംഗളൂരുവിന്റെഭാഗമായ ചന്ദാപുര, അത്തിബെലെ എന്നിവിടങ്ങളിലെ ജനങ്ങൾക്കും ഹൊസൂർ റോഡ്, ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും വിമാനത്താവളം ഗുണകരമാകും.

ഇലക്‌ട്രോണിക്‌ സിറ്റിയിൽ ഏകദേശം മൂന്നുലക്ഷം ആളുകൾ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഈ ഭാഗത്തുള്ളവർക്ക് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തേക്കാൾ ഹൊസൂർ വിമാനത്താവളമാകും എളുപ്പം.

കെംപെഗൗഡ വിമാനത്താവളത്തിലേക്കു പോകാനുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകും.

280 കിലോമീറ്റർവരുന്ന ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കും.

ഇലക്‌ട്രോണിക്‌ സിറ്റിയിൽനിന്ന് ഹൊസൂരിലേക്ക് 30 മിനിറ്റുകൊണ്ട് എത്താനാകും. അതേസമയം ബെംഗളൂരു വിമാനത്താവളത്തിലേക്ക് ഒരു മണിക്കൂറിലേറെവേണം. തെക്കൻ ബെംഗളൂരുവിലെ വ്യവസായമേഖലയ്ക്കും ചരക്കുനീക്കത്തിന് ഹൊസൂർ വിമാനത്താവളം ഉപകാരപ്പെടും.

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി, ധർമപുരി, സേലം ജില്ലകൾക്കും വിമാനത്താവളം ഗുണമാകും. തമിഴ്‌നാടിന്റെയും കർണാടയുടെയും വളർച്ചയ്ക്ക് വിമാനത്താവളം ഒരുപോലെ ഗുണംചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഹൊസൂരിൽ വിമാനത്താവളം നിർമിക്കുമെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചത്.

ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം നിർമിക്കുമെന്ന് അടുത്തിടെ കർണാടകസർക്കാർ പ്രഖ്യാപിച്ചിരുന്നു. തുമകൂരു റോഡിലാകും വിമാനത്താവളം വരുക. എങ്കിലും തെക്കൻ ബെംഗളൂരുവിലുള്ളവർക്ക് ഹൊസൂർ വിമാനത്താവളമാകും അടുത്ത്.

ബെംഗളൂരു വിമാനത്താവളത്തിന്റെ 150 കിലോമീറ്റർ പരിധിക്കുള്ളിൽ 25 വർഷത്തേക്ക് മറ്റൊരു വിമാനത്താവളം പാടില്ലെന്ന് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (ബി.ഐ.എ.എൽ.) കേന്ദ്രസർക്കാരും ബെംഗളൂരു വിമാനത്താവളം ആരംഭിച്ചപ്പോൾ ധാരണയുണ്ടായിരുന്നു.

2008 മേയിലാണ് ബെംഗളൂരു വിമാനത്താവളം ആരംഭിച്ചത്. ധാരണപ്രകാരം 2033-ലാണ് 150 കിലോമീറ്ററിനകത്ത് ഇനി വിമാനത്താവളം നിർമിക്കാനാവുക. അതിനാൽ ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളവും ഹൊസൂരിലെ വിമാനത്താവളവും 2033-ന്‌ ശേഷമേ പ്രവർത്തിച്ചുതുടങ്ങൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us