ബെംഗളൂരു : സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധനയ്ക്കെതിരേ സൈക്കിൾ റാലിയുമായി ബി.ജെ.പി. യുടെ പ്രതിഷേധം.
സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും മല്ലേശ്വരത്തെ ബി.ജെ.പി. ഓഫീസിൽനിന്ന് വിധാൻ സൗധയിലേക്ക് സൈക്കിൾ റാലി നടത്തി.
പ്രതിഷേധറാലി പാതിവഴിയിൽ പോലീസ് തടഞ്ഞ് വിജയേന്ദ്ര ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. സംസ്ഥാന സർക്കാരിനെതിരേ മുദ്രാവാക്യം വിളികളുമായിട്ടായിരുന്നു പ്രതിഷേധ റാലി.
മുൻ ഉപമുഖ്യമന്ത്രി സി.എൻ. അശ്വത്‌നാരായൺ, സി.ടി. രവി എം.എൽ.സി. തുടങ്ങിയവരും പങ്കെടുത്തു.
ഇന്ധന വില വർധിപ്പിച്ച കോൺഗ്രസ് സർക്കാരിനെതിരേ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രതിഷേധം നടത്തി വരുകയാണെന്നും വില വർധിപ്പിച്ച തീരുമാനം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിജയേന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബെംഗളൂരുവിൽ സൈക്കിൾ റാലി നടത്തിക്കൊണ്ട് സർക്കാരിന് ബി.ജെ.പി. മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്. എന്നാൽ, വില വർധന പിൻവലിക്കുന്നതിനെ ക്കുറിച്ച് സർക്കാർ ആലോചിക്കുന്നു പോലുമില്ല.
മറ്റു സംസ്ഥാനങ്ങളിൽ ഇന്ധനത്തിനുള്ള വലിയ വിലയാണ് മുഖ്യമന്ത്രി ഉയർത്തിക്കാട്ടുന്നത്. എന്നാൽ, കർണാടകത്തിൽ കർഷകരുൾപ്പെടെയുള്ളവർ വരൾച്ച മൂലം ദുരിതത്തിലാണ്.
ഈ അവസരത്തിൽ ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നത് ക്ഷമിക്കാനാവില്ലെന്നും വിജയേന്ദ്ര പറഞ്ഞു. സാധാരണക്കാരെയും കർഷകരെയും ബാധിക്കുന്ന ഒരു തീരുമാനവും എടുക്കരുതെന്ന് വിജയേന്ദ്ര മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കർണാടക ആർ.ടി.സി. ബസ് നിരക്കും ബെംഗളൂരുവിൽ വെള്ളത്തിന്റെ നിരക്കും വർധിപ്പിക്കുമെന്ന് മന്ത്രിമാർ പറഞ്ഞുകഴിഞ്ഞു. ഈ സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്ക് ശാപമായി മാറിയെന്നും വിജയേന്ദ്ര ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.