ബെംഗളൂരു: കോണ്‍ഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ മൃഗബലി നടന്നുവെന്ന പരാമർശത്തില്‍ ഉറച്ച് ഡികെ ശിവകുമാർ.
ആരാണ് പൂജ ചെയ്തതെന്ന് കാലം തെളിയിക്കുമെന്ന് ഡികെ ശിവകുമാർ പറഞ്ഞു.
ജനങ്ങള്‍ തന്നെ അനുഗ്രഹിക്കാൻ ഉണ്ട്.
അവരുടെ പ്രാർത്ഥന കൂടെയുണ്ടെന്നും ശിവകുമാർ പ്രതികരിച്ചു.
ഡികെ ശിവകുമാറിന്റെ മൃഗബലി ആരോപണം തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വവും ദേവസ്വം മന്ത്രിയും രംഗത്തെത്തിയിരുന്നു.
മൃഗബലി ആരോപണം വസ്തുതാവിരുദ്ധമെന്ന് ടിടികെ ദേവസ്വം പ്രതികരിച്ചു.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മൃഗബലി പൂജയുള്ള ക്ഷേത്രമല്ല.
ക്ഷേത്ര പരിസരത്തും മൃഗബലി പൂജകള്‍ നടന്നിട്ടില്ല.
ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും ടിടികെ ദേവസ്വം ബോർഡ് അംഗം ടിടി മാധവൻ പറഞ്ഞു.
ഡികെ ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പ്രതികരിച്ചു.
കേരളത്തില്‍ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്.
ഇത്തരത്തില്‍ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
കോണ്‍ഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്നായിരുന്നു ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്‍റെ ആരോപണം.
കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നാണ് ഡികെയുടെ ആരോപണം.
കണ്ണൂരിലാണ് മൃഗബലി നടന്നതെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് വിവരം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.