മകനെ ആദ്യം വിളിച്ചത് നേഹ; ഇരുവരും പ്രണയത്തിലായിരുന്നു; ഉണ്ടായത് ‘ലൗ ജിഹാദ്’ അല്ലെന്ന് ഫയാസിന്റെ അമ്മ

ബെംഗളൂരു: തന്റെ മകൻ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ നൽകണമെന്ന് കർണാടകത്തിലെ ഹുബ്ബാളിയിൽ കോൺഗ്രസ് നേതാവിന്റെ മകളെ കുത്തിക്കൊന്ന പ്രതി ഫയാസിന്റെ അമ്മ.

അതെസമയം കൊലപാതകത്തിനു പിന്നിൽ ലൗ ജിഹാദ് ആരോപണം തെറ്റാണെന്നും ഫയാസിന്റെ അമ്മ മുംതാസ് പറഞ്ഞു.

കഴിഞ്ഞ ഒന്നര വർഷമായി ഫയാസ് വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നെന്നും വീട്ടിൽ ഒറ്റയ്ക്ക് ഇരിപ്പായിരുന്നെന്നും അവർ പറഞ്ഞു.

കൊല്ലപ്പെട്ട പെൺകുട്ടി നേഹ ഹിരേമത്തിന്റെ പിതാവും കർണാടക ബിജെപിയും സംഭവത്തെ ‘ലൗ ജിഹാദ്’ ആയാണ് കാണുന്നത്.

നേഹയുടെ പിതാവും കർണാടകയിലെ കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമത്ത് ആരോപിക്കുന്നത് നിർബന്ധിത മതപരിവർത്തനത്തിനുള്ള ശ്രമമാണ് നടന്നതെന്നാണ്.

തങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നെന്നും പിന്നീട് നേഹ പിൻമാറിയതിന്റെ രോഷത്തിലാണ് കൃത്യം ചെയ്തതെന്നും ഫയാസ് പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

ലൗ ജിഹാദ് ആരോപണം തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തുണ്ട്.

തന്റെ മകനെ ആദ്യം വിളിച്ചത് നേഹയായിരുന്നെന്ന് ഫയാസിന്റെ അമ്മ പറഞ്ഞു. ബോഡി ബിൽഡിങ് മത്സരത്തിൽ ഫയാസിന് സമ്മാനം ലഭിച്ചിരുന്നു.

ഈ സന്ദർഭത്തിലാണ് നേഹ നമ്പർ സംഘടിപ്പിച്ച് ഫയാസിനെ വിളിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു. ഇക്കാര്യം തനിക്ക് ഒരു വർഷമായി അറിയുമായിരുന്നെന്നും അവർ വ്യക്തമാക്കി.

തന്റെ മകൻ ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നുവെന്നും രാജ്യത്തെ നിയമമനുസരിച്ചുള്ള ഏറ്റവും കടുത്ത ശിക്ഷ അയാൾക്ക് ലഭിക്കണമെന്നും മുംതാസ് പറഞ്ഞു.

“എന്റെ മകനു വേണ്ടി കർണാടകത്തിലെ എല്ലാ ജനങ്ങളോടും ഞാൻ മാപ്പ് ചോദിക്കുന്നു.

പെൺകുട്ടിയുടെ മാതാപിതാക്കളോടും മാപ്പ് ചോദിക്കുന്നു. അവൾ എനിക്ക് എന്റെ മകളെപ്പോലെയായിരുന്നു. അവർ എത്രമാത്രം വേദനിക്കുന്നുണ്ടാകും എന്നെനിക്കറിയാം.

അവരെപ്പോലെത്തന്നെ ഞാനും ദുഖിതയാണ്. എന്റെ മകൻ ചെയ്തത് തെറ്റാണ്. ആര് ചെയ്താലും അത് തെറ്റാണ്,” അവർ പറഞ്ഞു.

23കാരിയായ നേഹ ഹിരേമത്ത് മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു.

നേഹ പഠിച്ച അതേ കോളേജിൽ സഹപാഠിയായിരുന്നു ഫയാസ്. അതെസമയം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം കൂടിയുള്ള കർണാടകത്തിൽ ഈ വിഷയം വിവാദമായിത്തന്നെ തുടരുകയാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us