ട്രാക്കുകളിൽ നിന്ന് യാത്രക്കാരെ അകറ്റാൻ മെട്രോ പ്ലാറ്റ്‌ഫോമുകളിൽ പുതിയ നീക്കവുമായി ബി എം ആർ സി എൽ

ബെംഗളൂരു: തിരക്കേറിയ സമയങ്ങളിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്നതിന് ഇടയാക്കിയ സമീപകാല സംഭവങ്ങൾ കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) തങ്ങളുടെ സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോമുകളിൽ സ്റ്റീൽ ഹാൻഡ് റെയിലിംഗുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നു.

സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കുന്നതിനു പുറമേ, ഒന്നാം ഘട്ടത്തിനായി പ്ലാറ്റ്ഫോം ഗേറ്റുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും ബിഎംആർസിഎൽ ആലോചിക്കുന്നുണ്ട്.

രണ്ടാം ഘട്ടത്തിന്റെ ഭൂഗർഭ ഇടനാഴിക്ക് പ്ലാറ്റ്ഫോം സ്ക്രീൻ വാതിലുകൾക്കായും ടെൻഡർ ക്ഷണിച്ചട്ടുണ്ട്.

തിരക്കേറിയ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിൽ ആളുകൾ ട്രാക്കുകളിലേക്ക് പ്രവേശിക്കുന്നത് തടയാൻ സ്റ്റീൽ ഹാൻഡ് റെയിലിംഗുകൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.

പ്ലാറ്റ്ഫോമുകളുടെ അരികിൽ അവ സ്ഥാപിക്കും. ട്രെയിനുകളുടെ വാതിലുകൾ തുറക്കുന്ന സ്ഥലങ്ങളിൽ റെയിലിംഗുകൾ ഉണ്ടാകില്ല. PF1-ലെ നാദപ്രഭു കെംപഗൗഡ ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്ന് പദ്ധതി ആരംഭിക്കാനാണ് നിലവിലെ തീരുമാനം എന്നും ബി എം ആർ സി എൽ ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ എഎസ് ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.

ഭാവിയിൽ ഒന്നാം ഘട്ടത്തിലെ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ഗേറ്റുകൾ സ്ഥാപിക്കാനും ബിഎംആർസിഎൽ ആലോചിക്കുന്നുണ്ട്.

എന്നാൽ ഇതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് അംഗീകാരം നേടേണ്ടതുണ്ടെന്നും ശേഷം ടെൻഡർ ക്ഷണിക്കണമെന്നും ഇതിന് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം ഘട്ടത്തിന്റെ ഭൂഗർഭ ഇടനാഴിക്ക് (റീച്ച്-6) പ്ലാറ്റ്‌ഫോം സ്‌ക്രീൻ വാതിലുകൾക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു.

നാഗവാര മുതൽ കലേന അഗ്രഹാര വരെ നീളുന്ന പിങ്ക് ലൈനിന്റെ 13.89 കിലോമീറ്റർ ഭൂഗർഭ ഇടനാഴിയുണ്ട്.

സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കും. പരിശോധനയും സ്കാനിംഗും മെച്ചപ്പെടുത്തുമെന്ന് ഒരു മെട്രോ ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, വെള്ളിയാഴ്ച ജലഹള്ളി മെട്രോ സ്‌റ്റേഷനിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ എസ് സരോൺ ഐസിയുവിൽ  ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us