ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക 

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. കൈയില്‍ പണമില്ലെങ്കിലും ആവശ്യങ്ങള്‍ നടത്താന്‍ കഴിയും എന്നതാണ് ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണം.

കച്ചവടക്കാര്‍ ഫോണിലൂടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തേടാറുണ്ട്.

ഈസമയത്ത് ഏറെ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.അല്ലെങ്കിൽ പണി കിട്ടും ഉറപ്പാണ്.

കച്ചവടക്കാര്‍ക്ക് ഫോണിലൂടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തേടാമെങ്കിലും ചില നിബന്ധനകള്‍ പാലിക്കാന്‍ കച്ചവടക്കാരും ബാധ്യസ്ഥരാണ്.

കാര്‍ഡ് ഉടമകളുടെ സുരക്ഷയെ കരുതിയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അധികൃതര്‍ രൂപം നല്‍കിയത്.

ഇത് പാലിക്കാന്‍ കച്ചവടക്കാര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഉപഭോക്താവിന്റെ കാര്‍ഡ് വിവരങ്ങള്‍ തേടുമ്പോള്‍ കച്ചവടക്കാര്‍ക്ക് അരികില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കണം.

അതായത് കാര്‍ഡ് വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ മറ്റുള്ളവര്‍ കാണുന്നില്ലെന്നും കോപ്പി ചെയ്യുന്നില്ലെന്നും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

ഫോണില്‍ കാര്‍ഡ് വിവരങ്ങള്‍ തേടുമ്പോള്‍ ഉപഭോക്താവും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. വിളിക്കുന്നയാള്‍ ആരാണ് എന്ന് വെരിഫൈ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഫോണ്‍ ചെയ്തത് ഉപഭോക്താവ് അല്ലായെങ്കില്‍, വിളിക്കുന്നയാൾ യഥാർഥ കമ്പനി പ്രതിനിധിയാണോ എന്ന് സംശയം തോന്നിയാൽ ഫോണ്‍ കട്ട് ചെയ്ത് കമ്പനിയെ നേരിട്ട് വിളിച്ച് കിട്ടിയ വിവരം വച്ച് വെരിഫൈ ചെയ്യാന്‍ ശ്രമിക്കണം. പലപ്പോഴും കമ്പനിയുടെ ജീവനക്കാരനാണ് എന്ന വ്യാജേന ഫോണ്‍ ചെയ്ത് തട്ടിപ്പ് നടത്തുന്ന കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ വിവരങ്ങള്‍ നല്‍കുന്നതിന് മുന്‍പ് വിളിക്കുന്നത് യഥാര്‍ഥ കമ്പനിയില്‍ നിന്നാണ് എന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.

2. എല്ലാ കാര്യങ്ങളെയും സംശയദൃഷ്ടിയില്‍ വേണം കാണാന്‍. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തേടി വിളിക്കുമ്പോള്‍ സംശയം തോന്നിയാല്‍ ഫോണ്‍ കട്ട് ചെയ്യാന്‍ മടിക്കേണ്ടതില്ല. തുടര്‍ന്ന് വിളിച്ചത് യഥാര്‍ഥ കമ്പനിയില്‍ നിന്നുള്ളയാളാണ് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം തിരിച്ചുവിളിക്കുക

3. മറ്റു രീതികളില്‍ സുരക്ഷിതമായ മാര്‍ഗത്തിലൂടെയാണ് മുന്‍പ് കമ്പനിയുമായി ഇടപാട് നടത്തിയിരുന്നതെങ്കില്‍ അത് തുടരാന്‍ കമ്പനിയോട് അഭ്യര്‍ഥിക്കുന്നത് നല്ലതാണ്

4. ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ഓര്‍ഡര്‍ അല്ലെങ്കില്‍ ഇടപാട് റഫറന്‍സ് ചോദിക്കാന്‍ മറക്കരുത്. രസീത് ചോദിക്കാനും മറക്കരുത്. രസീതുമായി ഇടപാട് ഒത്തുപോകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.സ്‌റ്റേറ്റ്‌മെന്റ് വരുന്നത് വരെ കാത്തിരിക്കരുത്.

കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായി സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ബാങ്കില്‍ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ ശ്രമിക്കേണ്ടതാണ്. അല്ലെങ്കില്‍ പണം നഷ്ടപ്പെടാന്‍ ഇടയുണ്ട്. ബാങ്കിങ് ആപ്പ്, വെബ് സൈറ്റ് എന്നിവ വഴിയും കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. പോലീസിനെയും വിവരം അറിയിക്കുക. അസാധാരണമായ ഇടപാടുകള്‍ നടക്കുന്നുണ്ടോ എന്ന് അറിയാന്‍ എപ്പോഴും അക്കൗണ്ട് നിരീക്ഷിക്കുന്നതും നല്ലതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us