ബെംഗളൂരു മഴ: ദുരന്തനിവാരണത്തിനായി 198 വാർഡുകളിലും എൻജിനീയർമാരെ നിയമിച്ച് ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ കനത്ത മഴ പെയ്തതിന് പിന്നാലെ, ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) അഡ്മിനിസ്ട്രേറ്റർ രാകേഷ് സിംഗ് മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ഓരോ വാർഡിലും ഒരു എഞ്ചിനീയറെ നിയമിക്കാൻ ഉത്തരവിട്ടു.

അടുത്ത മൂന്ന് ദിവസത്തേക്ക് നഗരത്തിൽ കൂടുതൽ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ച സാഹചര്യത്തിലാണ് തീരുമാനം.

രാത്രിയിൽ പെയ്ത മഴയെ തുടർന്ന് നിരവധി റോഡുകളും വീടുകളും അടിപ്പാതകളും വെള്ളത്തിനടിയിലായത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി.

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തിങ്കളാഴ്ച രാത്രി ബിബിഎംപിയുടെ കമാൻഡ് സെന്ററിൽ അപ്രതീക്ഷിത സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

നഗരത്തിൽ കൂടുതൽ മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ അതിന് വേണ്ടി തയ്യാറെടുക്കാൻ, നഗരത്തിലെ 198 വാർഡുകൾക്കും ഒരു എഞ്ചിനീയറെ നിയമിക്കാൻ ബിബിഎംപി അഡ്മിനിസ്ട്രേറ്റർ എല്ലാ സോണൽ കമ്മീഷണർമാരോടും ആവശ്യപ്പെട്ടു.

എൻജിനീയർക്കാണ് ദുരന്തനിവാരണ ചുമതല. അടഞ്ഞുകിടക്കുന്ന ഡ്രെയിനേജുകൾ വൃത്തിയാക്കുക, മഴവെള്ളം ഒഴുകുന്ന ഓടകളിലെ ചെളി നീക്കുക, റോഡുകളിലെ കുഴികൾ നികത്തുക, കാൽനടയാത്രക്കാരുടെ പാതകൾ നന്നാക്കുക തുടങ്ങിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

വെള്ളക്കെട്ട് മൂലമുള്ള നാശനഷ്ടങ്ങൾ വിലയിരുത്താനും ബിബിഎംപി ഉത്തരവിട്ടു. ജനങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുന്നതിന് വെള്ളം കെട്ടിനിൽക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട വീടുകളുടെ പട്ടിക തയ്യാറാക്കാൻ ബിബിഎംപി എല്ലാ കമ്മീഷണർമാരോടും നിർദ്ദേശിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കത്തിന്റെ കാരണം ചൂണ്ടിക്കാണിക്കാൻ പൗരസമിതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ച പെയ്ത കനത്ത മഴയിൽ സഹകർനഗറിലും മറ്റ് പ്രദേശങ്ങളിലും നിരവധി വീടുകളിൽ വെള്ളം കയറി .

അടുത്ത ദിവസങ്ങളിൽ നഗരത്തിൽ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ബെല്ലന്തൂർ, വർത്തൂർ തടാകങ്ങളിൽ സ്ലൂയിസ് ഗേറ്റുകൾ തുറക്കാൻ ബിബിഎംപി ബാംഗ്ലൂർ വികസന അതോറിറ്റി ഉദ്യോഗസ്ഥരോട് ഉത്തരവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us