അന്നഭാഗ്യ പദ്ധതിയിലൂടെ അഞ്ച് കിലോ അരിയുടെ പണം ഇന്ന് മുതൽ

ബെംഗളൂരു: പത്തു കിലോ സൗജന്യ അരി നല്‍കുന്ന ‘അന്നഭാഗ്യ’ പദ്ധതിയില്‍ അഞ്ചു കിലോക്കുള്ള അരിയുടെ പണം ഇന്ന് മുതല്‍ നല്‍കും.

ബി.പി.എല്‍, അന്ത്യോദയ കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ക്കും പത്തു കിലോ വീതം അരി സൗജന്യമായി നല്‍കുന്നതാണ് ‘അന്നഭാഗ്യ’.

കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതാണിത്.

ഇതില്‍ അഞ്ചു കിലോ അരി കേന്ദ്ര സര്‍ക്കാറില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ചുവരുന്നുണ്ട്.

എന്നാല്‍, ബാക്കി അഞ്ചു കിലോ അരി ലഭ്യമാക്കാൻ സംസ്ഥാന സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

പദ്ധതിക്ക് തുരങ്കം വെക്കാനായി കേന്ദ്രസര്‍ക്കാര്‍ അരി നല്‍കാതെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നത്.

ഫുഡ് കോര്‍പറേഷൻ ഓഫ് ഇന്ത്യയില്‍ നിന്ന് (എഫ്.സി.ഐ) അരി വാങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും നടന്നില്ല.

എഫ്.സി.ഐയില്‍ നിന്ന് സംസ്ഥാന സര്‍ക്കാറിന് അരി വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയതിനാലാണിത്.

ഇതിനാല്‍ നിലവില്‍ അഞ്ചു കിലോ അരിയും ബാക്കി അഞ്ചു കിലോക്കുള്ള പണവും നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

കിലോക്ക് 34 രൂപ നിരക്കിലാണ് പണം നല്‍കുക. പദ്ധതിക്കായി മാസം 840 കോടി രൂപയാണ് ചെലവു വരുക.

വര്‍ഷം 10,092 കോടി രൂപയും. 2.28 ലക്ഷം ടണ്‍ അരിയാണ് പദ്ധതി തുടങ്ങാനായി ആവശ്യമുള്ളത്.

ഇന്ന് മുതല്‍ കിലോക്ക് 34 രൂപ നിരക്കില്‍ അഞ്ചു കിലോക്കുള്ള തുകയാണ് നല്‍കുകയെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി കെ.എച്ച്‌. മുനിയപ്പ പറഞ്ഞു.

ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഇതിനുള്ള ഡയറക്‌ട് ബെനഫിറ്റ് ട്രാൻസ്ഫര്‍ (ഡി.ബി.ടി) പദ്ധതി ഉദ്ഘാടനം ചെയ്യും.

15 ദിവസത്തിനകം എല്ലാ ഗുണഭോക്താക്കള്‍ക്കും അവരവരുടെ അക്കൗണ്ടുകളില്‍ പണം ലഭിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

പദ്ധതിക്ക് ആവശ്യമായ അരി ലഭിച്ചുകഴിഞ്ഞാല്‍ പണം നല്‍കുന്നത് നിര്‍ത്തി പത്തു കിലോ അരി മുഴുവനായും നല്‍കും.

സംസ്ഥാനത്ത് ബി.പി.എല്‍ റേഷൻ കാര്‍ഡുള്ള 1.29 കോടി കുടുംബങ്ങളാണുള്ളത്.

ഇതില്‍ 4.41 കോടി അംഗങ്ങളാണുള്ളത്. വീടുകള്‍ക്ക് 200 യൂനിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്ന ‘ഗൃഹജ്യോതി’ പദ്ധതി, സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതി എന്നിവ ഇതിനകം തുടങ്ങിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us