ബെംഗളൂരു: ഏറെ കാത്തിരിപ്പിനൊടുവിൽ കേരള ആർ.ടി.സിയുടെ പാഴ്സൽ സർവീസിന് ബെംഗളൂരുവിലും തുടക്കമായി. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിലെ റിസർവേഷൻ കൗണ്ടറിൽ രാവിലെ 6 മുതൽ രാത്രി 10 വരെ ബുക്കിംഗ് അവസരം ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ 14 ജില്ലകളെയും ബന്ധിപ്പിച്ച് ബെംഗളുരുവിൽ നിന്നും ബസ് സർവീസുകൾ ഉള്ളതിനാൽ 24 മണിക്കൂറിനുള്ളിൽ പാർസൽ ലക്ഷ്യ സ്ഥാനത്തെത്തും.
ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജൂൺ 15 നാണ് കേരളത്തിലെ 55 ഡിപ്പോകളെ ബന്ധിപ്പിച്ച് കുറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ് ആരംഭിച്ചത്.
ബെംഗളുരുവിന് പുറമെ കോയമ്പത്തൂർ, നാഗർകോവിൽ, തെങ്കാശി എന്നിവിടങ്ങളിലും സേവനം ലഭ്യമാണ്. ബംഗ്ലുഉർവൽ നിന്നും പ്രതിദിനം 45 – 50 സർവീസുകളാണ് കേരളം ആർ.ടി.സി നടത്തുന്നത്.
പാഴ്സൽ അയക്കാനുള്ള സാധനങ്ങൾ പാക്ക് ചെയ്ത് കൃത്യമായ മേല്‍വിലാസത്തോടെ തിരിച്ചറിയൽ രേഖയുമായി സാറ്റെലൈറ്റിലെ കൗണ്ടറിൽ എത്തിക്കണം. ഇലക്ട്രോണിക് യന്ത്രത്തിൽ ഭാരം പരിശോധിച്ച് ബുക്കിംഗ് സ്വീകരിച്ച് കഴിഞ്ഞാൽ അയക്കുന്ന ആളിനും പാഴ്സൽ സ്വീകരിക്കുന്ന ആളിനും അപ്ഡേറ്റുകൾ വാട്സ് ആപ്പിൽ മെസ്സേജ് ആയി ലഭിക്കും.
പാഴ്സൽ സ്വീകരിക്കുന്ന ആളും തിരിച്ചറിയൽ കാർഡുമായി എത്തണം. 3 ദിവസം വരെ ഡിപ്പോയിൽ പാഴ്സൽ സൂക്ഷിക്കും. 3 ദിവസത്തിനുള്ളിൽ പാഴ്സൽ സ്വീകരിച്ചില്ലെങ്കിൽ പിഴ ഈടാക്കും.