ബെംഗളൂരു: ഉന്തുവണ്ടിയിൽ പൂ വിൽക്കുന്ന പൂക്കച്ചവടക്കാരിയിൽ നിന്നും 4,000 രൂപ വിലവരുന്ന പൂക്കളും 15,000 രൂപയും മോഷ്ടിച്ച് ഒരാൾ കടന്നു കളഞ്ഞു. എൻജി പാളയയിലെ കൃഷ്ണപ്പ ഗാർഡനിൽ താമസിക്കുന്ന രത്നമ്മ 54 യെയാണ് കള്ളൻ പറ്റിച്ച ശേഷം കടന്ന് കളഞ്ഞത്.
ജൂൺ 23 ന് രാവിലെ 9.15 ന്, എൻ ക്രോസ് കൃഷ്ണപ്പ ഗാർഡനിൽ ഉന്തുവണ്ടിയിൽ പൂ വിൽക്കുന്ന 54 കാരിയായ രത്നമ്മയോട് 500 രൂപയ്ക്ക് ‘കനകാംബര’വും മുല്ലപ്പൂവും പൊതിയാൻ അഭ്യർത്ഥിച്ച് ഒരു സ്കൂട്ടറുകാരൻ വന്നു.
പൂ നൽകിയ ശേഷം പണം നൽകണമെന്ന് രത്നമ്മ ആവശ്യപ്പെട്ടെങ്കിലും അതിനുള്ള മറുപടിയായി, മകളുടെ വീടുവയ്ക്കൽ ചടങ്ങിന് കൂടുതൽ പൂക്കൾ ആവശ്യമാണെന്ന് ആ മനുഷ്യൻ പറഞ്ഞു, തുടർന്ന് രത്നമ്മയുടെ പക്കലുള്ള എല്ലാ പൂക്കളുടെയും വില ചോദിച്ചു. തുടർന്ന് മുഴുവൻ പൂക്കൾക്കും ചേർത്ത് രത്നമ്മ 4,000 രൂപ പറഞ്ഞു.
തുടർന്ന് ചടങ്ങിനായി ഇയാൾ ധൂപവർഗ്ഗ പാക്കറ്റുകളും 500 രൂപ നോട്ടുകളും ആവശ്യപ്പെട്ടു. രത്നമ്മ വണ്ടിയിട്ട് അടുത്തുള്ള വീട്ടിലേക്ക് ചോദിച്ച സാധനങ്ങൾ എടുക്കാൻ പോയി. കുന്തുരുക്കപ്പൊതികളും പണമായി 15,000 രൂപയുമായി രത്നമ്മ മടങ്ങി എത്തി.
മകളുടേതാണെന്ന് പറഞ്ഞ് അയാൾ അടുത്തുള്ള ഒരു വീട് ചൂണ്ടിക്കാണിക്കുകയും പണമെടുക്കാൻ ഉന്തുവണ്ടി അവിടെ കൊണ്ടുവരാൻ രത്നമ്മയോട് ആവശ്യപ്പെടുകയും ചെയ്തു. പൂവിനുള്ള കൂലി ആദ്യം നൽകണമെന്ന് രത്നമ്മ വാശിപിടിച്ചപ്പോൾ ആ മനുഷ്യൻ അവരുടെ തലയിൽ തൊട്ട് രത്നമ്മയെ ചതിക്കില്ലെന്ന് ഉറപ്പുനൽകി.
തുടർന്ന് രത്നമ്മ 15,000 രൂപ അയാൾക്ക് കൊടുത്തു. പൂക്കള്‍ സ്കൂട്ടറില്‍ വച്ചിട്ട് രത്നമ്മയോട് വാഹനത്തില്‍ ഇരിക്കാനും കള്ളൻ ആവശ്യപ്പെട്ടു. എന്നാൽ രത്നമ്മ കള്ളന്റെ സ്കൂട്ടറിൽ ഇരിക്കാൻ വിസമ്മതിച്ചു. വീട്ടിൽ എത്തിയിട്ട് പണം തരാമെന്ന് പറഞ്ഞത് കൊണ്ട് രത്നമ്മ പിന്നാലെ വന്നുകൊള്ളാം എന്ന് പറഞ്ഞു. പക്ഷെ കള്ളൻ രത്നമ്മയെ കാത്തുനിൽക്കാതെ അതിവേഗം സ്കൂട്ടറിൽ സ്ഥലം വിട്ട് കളഞ്ഞു.
വഴിയരികിൽ ഇരിക്കുന്ന രത്നമ്മയോട് എന്തിനാണ് റോഡരികിൽ ഇരിക്കുന്നതെന്ന് മറ്റ് കച്ചവടക്കാർ ചോദിച്ചപ്പോഴാണ് മോഷണകഥ പുറംലോകം അറിഞ്ഞത്. കന്നഡ സംസാരിക്കുന്ന ആളാണെന്നും ഏകദേശം 65 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണെന്നും രത്നമ്മ പോലീസിനോട് പറഞ്ഞു.
സുദ്ദഗുണ്ടെപാളയ പോലീസ് സ്റ്റേഷനിൽ വഞ്ചനയ്ക്ക് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.