ബെംഗളൂരു: യാത്രക്കാരോട് മാന്യമായി പെരുമാറിയില്ലെങ്കിൽ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും എതിരെ നടപടിയെടുക്കുമെന്ന് ജീവനക്കാർക്ക് താക്കിയത് നൽകി കെഎസ്ആർടിസി. യാത്രക്കാരോട് പ്രത്യേകിച്ച് സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് കെഎസ്ആർടിസി ബസുകളിലെ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും വ്യക്തമായ നിർദേശം നൽകിയിട്ടും കണ്ടക്ടർമാർ അത് പാലിക്കാത്തത് കൊണ്ടാണ് നടപടി.
നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NWKRTC) ബസ് കണ്ടക്ടർ ഹുബ്ബള്ളിയിൽ നിന്നുള്ള ബസിൽ വച്ച് ഒരു വൃദ്ധയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബസ് കോർപ്പറേഷനിലെ ജീവനക്കാർ യാത്രക്കാരുമായി വാക്കേറ്റവും തർക്കവും ഉണ്ടാക്കുന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും ശക്തി പദ്ധതി ആരംഭിച്ചതിന് ശേഷം ഇത്തരം സംഭവങ്ങൾ വർധിച്ചിട്ടുണ്ട്.
അടുത്തിടെ, തുമകുരുവിലെ കൊരട്ടഗെരെയിലെ നാഗേനഹള്ളി ഗേറ്റിൽ നിന്ന് ബസ് കയറാൻ ബസ് നിർത്തിക്കാൻ ശ്രമിച്ച ഒരു ചെറിയ കൂട്ടം സ്ത്രീകളുടെ ഇടയിലേക്ക് കെഎസ്ആർടിസി ഡ്രൈവർ ഭയാനകമായി ബസ് ഓടിച്ചതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേത്തുടർന്ന് ഡ്രൈവറുടെ പെരുമാറ്റത്തിൽ വ്യാപക വിമർശനമാണ് കോർപറേഷനു ലഭിച്ചത്.
ഇത്തരം സംഭവങ്ങളുടെ പേരിൽ കെഎസ്ആർടിസി കഴിഞ്ഞയാഴ്ച പുറത്തിറക്കിയ സർക്കുലറിൽ യാത്രക്കാരോട് മാന്യമായി പെരുമാറിയില്ലെങ്കിൽ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും എതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി.
ജീവനക്കാരുടെ ജോലി കാര്യക്ഷമമായി നിർവഹിക്കാനും യാത്രക്കാർക്ക് പരാതിയില്ലെന്ന് ഉറപ്പാക്കാനും സർക്കുലറിൽ നിർദേശിച്ചു. എല്ലാ ബസ് സ്റ്റോപ്പുകളിലും ബസുകൾ നിർത്തണമെന്നും സ്ത്രീ യാത്രക്കാരെ ഒഴിവാക്കരുതെന്നും ജീവനക്കാരോട് ആവശ്യപ്പെട്ടു. വയോധികയെ തല്ലിയ കണ്ടക്ടർക്ക് ഷോകോസ് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.