കുട്ടികളുമായി ️ഇരുചക്ര വാഹനത്തിൽ യാത്ര; ഇളവ് നൽകാനാവില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം

: ഇരുചക്രവാഹനങ്ങളിൽ മൂന്നാമതൊരാളെ കയറ്റാൻ കേന്ദ്രത്തിന്റെ അനുമതിയില്ല. മാതാപിതാക്കൾക്കൊപ്പം 10 വയസ്സിന് താഴെയുള്ള കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. സംസ്ഥാനത്ത് എ ഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തനമാരംഭിക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. രാജ്യസഭാംഗവും സിപിഎം നേതാവുമായ എളമരം കരീമിന് നൽകിയ മറുപടിക്കത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിലപാടറിയിച്ചത്. ഇരുചക്ര വാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം മൂന്നാമത്തെ ആളായി 10 വയസ്സിന് താഴെ പ്രായമായ കുട്ടികളെ കൂടി യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എളമരം കരീം കത്തയച്ചത്. സംസ്ഥാനത്ത് ഉയർന്നുവന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കത്ത്. എന്നാൽ ഈ ആവശ്യം കേന്ദ്രസർക്കാർ തള്ളി. നിയമപരമായി മൂന്നാമത് ഒരാൾക്ക് ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യാനാവില്ലെന്നും ഇക്കാര്യം അനുവദിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

1988ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 128 വകുപ്പ് പ്രകാരം ഡ്രൈവറും ഡ്രൈവറുടെ സീറ്റിൽ ഒരാളും അടക്കം രണ്ടുപേർക്ക് മാത്രമേ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. ഈ നിയമത്തെ മറികടക്കാനാകില്ലെന്ന് നിതിൻ ഗഡ്കരി കത്തിൽ പറയുന്നു. ആഗോളതലത്തിൽ തന്നെ രണ്ടുപേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഇരു ചക്ര വാഹനങ്ങളുടെ രൂപകല്പന. അനുവദനീയമായതിൽ കൂടുതൽ ഭാരം വാഹനത്തിന്റെ ആക്സിലുകൾക്കും ടയറുകൾക്കും താങ്ങാനാകില്ല. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നിയമമുണ്ടാക്കിയിട്ടുള്ളതെന്നും അത് പാലിച്ചേ മുന്നോട്ടു പോകാനാകൂ എന്നും കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം നാളെ മുതൽ സംസ്ഥാനത്ത് എഐ ക്യാമറ പ്രവർത്തിച്ചു തുടങ്ങുന്ന സാഹചര്യത്തിൽ സാധാരണക്കാരായ കുടുംബങ്ങൾക്ക് കേന്ദ്രത്തിന്റെ നിലപാട് വലിയ തിരിച്ചടിയാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us