വിമാനത്താവളത്തിൽ ബോംബ് വെച്ച കേസിലെ പ്രതി ജയിലിൽ ടിവി തകർത്തു

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബ് വെച്ചെന്ന കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി ഉഡുപ്പി സ്വദേശി ആദിത്യ റാവു ഷിവമൊഗ്ഗ ജയിലില്‍ നടത്തിയ ആക്രമണത്തില്‍ ടെലിവിഷനും അനുബന്ധ സാമഗ്രികളും തകര്‍ന്നു.

വിഡിയോ കോണ്‍ഫറൻസിങ് വിഭാഗത്തില്‍ ചെന്ന് തനിക്കെതിരെ എന്തെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കുകയാണ് പ്രതി ആദ്യം ചെയ്തത്. ജീവനക്കാര്‍ രേഖകള്‍ പരിശോധിച്ച്‌ ഒന്നും ഇല്ലെന്ന് അറിയിച്ചപ്പോള്‍ തിരിച്ചുപോയി. എന്നാല്‍ പൊടുന്നനെ മടങ്ങിയെത്തി കൈയില്‍ കരുതിയ കല്ലുകൊണ്ട് ടി.വി ഇടിച്ച്‌ കേടുവരുത്തുകയായിരുന്നെന്ന് ഷിവമൊഗ്ഗ സെൻട്രല്‍ ജയില്‍ ചീഫ് സൂപ്രണ്ട് തുംഗ നഗര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതില്‍ പറഞ്ഞു. വിഡിയോ കോണ്‍ഫറൻസിങ് വിഭാഗത്തിലെ ജീവനക്കാര്‍ തടയാൻ ശ്രമിച്ചപ്പോള്‍ കുതറി മറ്റൊരു ടി.വിയും തകര്‍ത്തു. കൂടുതല്‍ ജീവനക്കാര്‍ എത്തി കീഴ്പ്പെടുത്തി ജയിലര്‍ക്ക് കൈമാറുകയായിരുന്നെന്ന് പരാതിയില്‍ പറഞ്ഞു.

2020 ജനുവരി 20നാണ് ആദിത്യ റാവു വിമാനത്താവളത്തില്‍ ബോബ് വെച്ചത്. ഓട്ടോയില്‍ വിമാനത്താവളത്തില്‍ വന്നിറങ്ങി ബോംബ് അടക്കം ചെയ്ത ലാപ്ടോപ് ബാഗ് എയര്‍ഇന്ത്യ ഓഫിസിന് മുന്നില്‍ വെച്ച്‌ കടന്നുകളയുകയായിരുന്നു. റാവു വെച്ച ബാഗില്‍ ബോംബാണെന്ന സൂചന വിമാനത്താവളം സുരക്ഷ വിഭാഗത്തിന് ഉണ്ടായിരുന്നില്ല. സി.ഐ.എസ്.എഫ് നായ ലിനയായിരുന്നു മണം പിടിച്ച്‌ ബോംബ് കണ്ടെത്തിയത്. വൻ സ്ഫോടനം സൃഷ്ടിക്കുമായിരുന്ന ബോംബ് വിമാനത്തിന് പുറത്ത് കിലോമീറ്ററുകള്‍ അകലെ ഗ്രൗണ്ടില്‍ നിര്‍വീര്യമാക്കിയതോടെ വലിയ ദുരന്തം ഒഴിയുകയായിരുന്നു. മംഗളൂരു ജില്ല അഡീഷനല്‍ മജിസ്ട്രേറ്റ് കോടതി 20 വര്‍ഷം തടവാണ് പ്രതിക്ക് വിധിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us