ചെന്നൈ: ബെംഗളൂരു-ചെന്നൈ വിമാനടിക്കറ്റ് നിരക്ക് കോവിഡിന് മുമ്പുള്ളതിലും താഴെയെത്തി. വേനലവധിയാണെങ്കിലും മിക്കദിവസങ്ങളിലും 1,171 രൂപയ്ക്കും 2,000 രൂപയ്ക്കുമിടയിൽ ടിക്കറ്റ് ലഭ്യമാണ്. ഈയാഴ്ചയിൽ ഒരുദിവസം അതു താഴ്ന്ന് 900 രൂപയിലെത്തി.കോവിഡിനുശേഷം കുതിച്ചുയർന്നിരുന്ന വിമാനനിരക്ക് കുത്തനെ താഴ്‌ന്നതിന് വിമാന ഇന്ധനത്തിന്റെ വിലക്കുറവുമുതൽ വന്ദേഭാരത് എക്സ്പ്രസിന്റെ വരവുവരെ കാരണമായിട്ടുണ്ട്.
വിമാന ഇന്ധനവിലയിൽ കഴിഞ്ഞമാസം നാലുശതമാനം കുറവാണ് എണ്ണക്കമ്പനികൾ വരുത്തിയത്. ആകാശ എയർലൈൻസിന്റേത് ഉൾപ്പെടെ പുതിയ വിമാനസർവീസുകൾ വന്നതും ഐ.ടി. മേഖലയിലെ മാന്ദ്യം കാരണം യാത്രക്കാർ കുറഞ്ഞതും നിരക്കു കുറയ്ക്കാൻ വിമാനക്കമ്പനികളെ നിർബന്ധിതരാക്കി.
വന്ദേഭാരതിന്റെ വരവ് അതിന് ആക്കംകൂട്ടി.വന്ദേഭാരത് എക്സ്പ്രസിൽ 4.25 മണിക്കൂറുകൊണ്ട് ചെന്നൈയിൽനിന്ന് ബെംഗളൂരുവിലെത്താം. ചെയർകാറിന് 995 രൂപയും എക്സിക്യുട്ടീവ് കോച്ചിൽ 1,885 രൂപയുമാണ് നിരക്ക്. ഇതേദൂരം വിമാനത്തിൽ പോകാൻ 50 മിനിറ്റ് മതിയെങ്കിലും വിമാനത്താവളത്തിൽ സുരക്ഷാപരിശോധനയ്ക്കുള്ള സമയവും വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രാസമയവും അധികം കാണണം. ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് നഗരത്തിലെത്തണമെങ്കിൽ സമയവും പണവും ഏറെ ചെലവഴിക്കുകയും വേണം.
ഇതെല്ലാം പരിഗണിക്കുമ്പോൾ തീവണ്ടിയാത്രയാണ് സൗകര്യമെന്നു കരുതുന്നവർ ഏറെയാണ്.അതേസമയം, ചെന്നൈയിൽനിന്ന് അടുത്തുള്ള മറ്റുനഗരങ്ങളിലേക്ക് ഉയർന്ന വിമാനനിരക്കാണ്. 2,459 രൂപ മുതൽ 5,000 രൂപ വരെയാണ് കൊച്ചിയിലേക്കുള്ള നിരക്ക്. തിരുവനന്തപുരത്തേക്ക് ഇത് 3,527 രൂപ മുതൽ 5,842 രൂപ വരെയാണ്. കോഴിക്കോട്ടേക്ക് 3,507 രൂപ മുതൽ 6,472 രൂപ വരെയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.