ഗതാഗതത്തെ ബാധിച്ച് ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിലെ പ്രതിഷേധം

ബെംഗളൂരു: മണ്ഡ്യ താലൂക്കിലെ ഹനകെരെയ്ക്ക് സമീപം അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് കർഷകരും സമീപ ഗ്രാമങ്ങളിലെ താമസക്കാരും തിങ്കളാഴ്ച മൈസൂരു-ബെംഗളൂരു എക്‌സ്പ്രസ് വേ രണ്ട് മണിക്കൂറിലധികം ഉപരോധിച്ച് പ്രതിഷേധിച്ചു.

ഹൈവേ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. ഇതാദ്യമായാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്കെതിരെ രോഷം പ്രകടിപ്പിച്ച് ഗ്രാമവാസികൾ എക്‌സ്പ്രസ് വേ ഉപരോധിച്ച് വൻ പ്രതിഷേധം നടത്തുന്നത്.

അവർ ട്രാക്ടറുകളും കാളവണ്ടികളും കന്നുകാലികളെയും റോഡിന്റെ ഇരുവശങ്ങളിലും നിർത്തി. ഇതോടെ എക്‌സ്പ്രസ് വേയിൽ രണ്ട് കിലോമീറ്ററിലധികം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന കാഴ്ചയാണ് കണ്ടത്. സർവീസ് റോഡിലൂടെ തിരിച്ചുപോകാനോ യാത്ര ചെയ്യാനോ കഴിയാതെ ജനങ്ങൾ ബുദ്ധിമുട്ടി.

പോലീസ് സ്ഥലത്തെത്തി പ്രതിഷേധം പിൻവലിക്കാൻ സമരക്കാരോട് അഭ്യർത്ഥിച്ചു. സമരക്കാരും പോലീസും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. വൈകുന്നേരം വരെ സമരം തുടരുമെന്ന നിലപാടിലായിരുന്നു സമരക്കാർ. ഇതോടെ പോലീസ് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി മദ്ദൂരിനും മണ്ഡ്യയ്ക്കും സമീപം വാഹനങ്ങൾ തിരിച്ചുവിട്ടു.

ഹനകെരെ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്താണ് അടിപ്പാത നിർമ്മിച്ചിരിക്കുന്നതെന്നും പ്രയോജനമില്ലെന്നും ഗ്രാമവാസികൾ ആരോപിച്ചു. അഞ്ചോ ആറോ ഗ്രാമങ്ങളിലെ താമസക്കാരെയാണ് ഇത് ബാധിച്ചിരിക്കുന്നത്. ഗ്രാമത്തിന് സമീപം അടിപ്പാത നിർമിക്കണമെന്ന് അവർ ഊന്നിപ്പറഞ്ഞു.

എന്നാൽ, ആവർത്തിച്ചുള്ള പരാതികൾ ഹൈവേ അധികൃതർ പരിഗണിക്കാത്തതിനാൽ പണികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. അതേസമയം, ഗ്രാമത്തിനടുത്തുള്ള അടിപ്പാതയുടെ പ്രവൃത്തി ആരംഭിക്കുന്നത് വരെ വാഹനങ്ങൾ ഓടിക്കാൻ അനുവദിക്കില്ലെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി.

എൻഎച്ച്എഐ അധികൃതരും സ്ഥലം സന്ദർശിച്ച് പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. രണ്ട് കർഷക നേതാക്കളായ എസ് സി മധുചന്ദൻ, പ്രസന്ന ഗൗഡ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us