ബെംഗളൂരു: ഡോക്ടറുടെ വേഷത്തില്‍ ആശുപത്രി വാര്‍ഡിലെത്തിയ യുവതി രോഗികളുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നു. ബെംഗളൂരു വിവേക്നഗറിന് സമീപത്തെ സ്വകാര്യാശുപത്രിയിലാണ് സംഭവം.
72-കാരിയായ രോഗിയുടെ മുറിയിലെത്തിയ യുവതി ചില പരിശോധനകള്‍ നടത്തണമെന്നും രോഗിയുടെ മകനോട് പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് മകന് മുറിക്ക് പുറത്തിറങ്ങിയതോടെ യുവതി രോഗിയുടെ കഴുത്തിലുണ്ടായിരുന്ന ആറുപവന്റെ മാലയും സ്വര്‍ണമോതിരവും അഴിച്ചെടുത്തു. പരിശോധനാ സൗകര്യത്തിനുവേണ്ടിയാണ് ആഭരണങ്ങള്‍ ഊരുന്നതെന്നായിരുന്നു രോഗിയോട് പറഞ്ഞിരുന്നത്.
അല്പസമയത്തിനുശേഷം ആഭരണങ്ങളുമായി പുറത്തിറങ്ങിയ യുവതി 45 മിനിറ്റിനുശേഷമേ ഉള്ളിലേക്കുപോകാന്‍ പാടുള്ളൂവെന്ന് രോഗിയുടെ മകനോട് ആവശ്യപ്പെട്ടശേഷം സ്ഥലം വിടുകയായിരുന്നു.
ഇതിനിടെ സ്ഥലത്തെത്തിയ നഴ്സ് രോഗിയുടെ മകന് പുറത്തുനില്ക്കുന്നതുകണ്ട് കാര്യമന്വേഷിച്ചപ്പോഴാണ് വ്യാജ ഡോക്ടര്‍ എത്തി പരിശോധിച്ച് മടങ്ങിയതറിഞ്ഞത്. ഇതോടെ സംശയംതോന്നിയ നഴ്സ് അകത്തുകയറി നോക്കിയപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായെന്ന് കണ്ടെത്തിയത്. സമീപത്തെ മറ്റൊരുമുറിയിലും സമാന രീതിയിലുള്ള കവര്‍ച്ച നടന്നതായി പിന്നീട് കണ്ടെത്തി. തുടര്‍ന്ന് രണ്ടു രോഗികളുടെയും ബന്ധുക്കള്‍ അശോക് നഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. യുവതിയ്ക്കായി അന്വേഷണം വ്യാപിപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.