പാലം നിർമ്മാണം നിരീക്ഷിക്കാൻ എത്തിയ മന്ത്രി നദിയുടെ തീരത്ത് ഉറങ്ങി 

ബെംഗളൂരു: ബെല്ലാരി താലൂക്കിലെ പരമദേവൻ ഹള്ളിയ്‌ക്ക് സമീപമുള്ള വേദാവതി നദിക്ക് കുറുകെയുള്ള പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ ഗതാഗത മന്ത്രി ശ്രീരാമല്ലു നദിയുടെ തീരത്ത് കിടന്നുറങ്ങി. നിർമ്മാണ പ്രവർത്തനങ്ങളുടെ മെല്ലെപ്പോക്ക് കണക്കിലെടുത്ത് സ്ഥലത്ത് നിരീക്ഷണം നടത്താനെത്തിയതായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആരംഭിച്ച നിരീക്ഷണം ഇപ്പോഴും മന്ത്രി തുടരുകയാണ്.

പാലത്തിൻ്റെ പില്ലറകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ 20 ദിവസമായി കനാലിലെ ജലവിതരണം നിർത്തിവച്ചിരിക്കുകയായിരുന്നു. ഇത് കർഷകർക്ക് വലിയ രീതിയിൽ പ്രതിസന്ധി നേരിടാൻ കാരണമായി.

ഇത് കണക്കിലെടുത്ത് മന്ത്രി തന്നെ സ്ഥലത്തെത്തുകയും പ്രവർത്തനങ്ങൾ ഉടനടി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്കും കോൺട്രാക്‌ടേഴ്‌സിനും മേൽ സമ്മർദം ചെലുത്തുകയും ചെയ്‌തു. പ്രവർത്തനങ്ങൾ ഇഴഞ്ഞുപോകുന്നു എന്ന് മനസിലാക്കിയ മന്ത്രി സ്ഥലത്ത് എത്തി അവിടെ തങ്ങി. കനത്ത മഴയെ തുടർന്ന് ഒരു ലക്ഷം ക്യൂസെക്‌സ് വെള്ളമാണ് ഭദ്ര നദിയിൽ നിന്നും വാണിവിലാസ സാഗർ അണക്കെട്ടിൽ നിന്നും വേദാവതി നദിയിലേക്ക് ഒഴുക്കി വിട്ടിരിക്കുന്നത്.

കർണാടക-ആന്ധ്ര അതിർത്തിയുമായി ബന്ധിപ്പിക്കുന്ന പഴയ പാലത്തിന് ആകെ 58 പില്ലറുകളാണുള്ളത്. ഇതിൽ 10 പില്ലറുകളുടെ അറ്റകുറ്റപ്പണികളാണ് പൂർത്തിയായത്. കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ പതിനഞ്ചാം നമ്പർ പില്ലർ പൂർണമായും ഒലിച്ചുപോയി. അതിനാൽ, കനാലിൻറെ അറ്റകുറ്റപ്പണികൾ നടത്തി കർഷകരുടെ വിളകൾക്ക് വെള്ളമെത്തിക്കാൻ താത്കാലിക പില്ലർ നിർമ്മിക്കുകയാണ്.

കൃഷിക്കായി കനാലിനെ ആവശ്യമുള്ള കർഷകർ ജലവിതരണം മുടങ്ങിയതിനാൽ തങ്ങളുടെ വിളകൾ നശിക്കുമോയെന്ന് ആശങ്കയിലാണ്. കർഷകരുടെ ആശങ്ക കണക്കിലെടുത്ത് പാലത്തിൻറെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കേണ്ടത് വളരെ ആവശ്യമാണ്. നിർമാണം പൂർത്തിയാക്കിയതിന് ശേഷം മാത്രമെ സ്ഥലത്ത് നിന്നും മടങ്ങുകയുള്ളുവെന്ന് മന്ത്രി വ്യക്തമാക്കി.

മന്ത്രിയെ അനുകൂലിക്കുന്നവർ, സുരക്ഷാ ഉദ്യോഗസ്ഥർ, കോൺട്രാക്‌ടേഴ്‌സ്, തൊഴിലാളികൾ തുടങ്ങി നിരവധിയാളുകളാണ് നിലവിൽ എത്തിയിട്ടുള്ളത്. മാത്രമല്ല സ്ഥലം എം എൽഎ നാഗേന്ദ്രയും ജില്ല കലക്‌ടറുയും സ്ഥലത്ത് എത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us