പത്തനംതിട്ട: സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ് ഉയർത്തിയ പതാക നിവരാത്തതിനെക്കുറിച്ച് അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം.
മന്ത്രി കൊടിമരത്തിൽ പതാക ഉയർത്തിയെങ്കിലും അത് നിവര്‍ന്നില്ല. പൂക്കളിൽ പൊതിഞ്ഞ പതാകയിലെ കയറുകൾ പരസ്പരം പിണഞ്ഞതാണ് പിഴവിന് കാരണമെന്നാണ് സൂചന. പിന്നീട് പതാക താഴ്ത്തി. ഇതിനിടെ ദേശീയഗാനവും ആലപിക്കുന്നുണ്ടായിരുന്നു. പൂക്കൾ നീക്കം ചെയ്ത ശേഷം താഴ്ത്തിയ പതാക വീണ്ടും ഉയർത്തി. എന്നാൽ ഇത്തവണ പതാക ഉയർത്തിയത് മന്ത്രിയല്ല, പൊലീസ് ഉദ്യോഗസ്ഥനാണ്.
പല സ്ഥലങ്ങളിലും, പൂക്കളും മറ്റ് വർണ്ണ വസ്തുക്കളും പതാകയിൽ പൊതിഞ്ഞ് ഉയർത്തുമ്പോൾ, നിവരാതിരിക്കുന്നത് തുടർ സംഭവമാണ്.